കോട്ടയം: പ്രണയം നടിച്ചു പ്ലസ് വണ്‍ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പോലീസ് പിടിയിലായ നാഗന്പടം പനയക്കഴുപ്പ് അരങ്ങത്തുമാലിൽ രാഹുൽ റെജി(ജിത്തു -21)നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:നഗരത്തിലെ പാരലൽ കോളജിലെ പ്ലസ് വണ്‍ വിദ്യാർഥിയും രാഹുലും തമ്മിൽ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു.
നാഗന്പടത്ത് റോഡരികിൽ മൊബൈൽ ഫോണ്‍ കന്പനികളുടെ സിം വിൽപ്പനയാണ് രാഹുലിനു ജോലി. ഇത്തരത്തിൽ സിം കാർഡ് എടുക്കാൻ എത്തിയ പെണ്‍കുട്ടിയുടെ മൊബൈൽ നന്പർ വാങ്ങിയ ശേഷം രാഹുൽ സൗഹൃദം സ്ഥാപിച്ചു. പിന്നീട് പല തവണ പെണ്‍കുട്ടിയെ ഫോണിൽ വിളിച്ച രാഹുൽ പെണ്‍കുട്ടിയുമായി പ്രണയത്തിലായി.
വീട്ടിൽ നിന്നു സ്കൂൾ യൂണിഫോം ധരിച്ചു പുറത്തിറങ്ങുന്ന പെണ്‍കുട്ടി മിക്കദിവസവും രാഹുലിനൊപ്പം റെയിൽവേ സ്റ്റേഷനിലെത്തും. തുടർന്ന് റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറിയിലും ശുചിമുറിയിലും കയറി വസ്ത്രം മാറും. പിന്നീട് ഇരുവരും വിവിധ സ്ഥലങ്ങളിലേയ്ക്കു പോകും. രാഹുലിന്റെ വീട്ടിൽ വച്ചും പെണ്‍കുട്ടിയുടെ വീട്ടിൽ വച്ചും പീഡനം നടന്നിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സംഭവം പെണ്‍കുട്ടിയുടെ വീട്ടിലറിഞ്ഞതോടെ ബന്ധുക്കൾ രാഹുലിനെതിരെ പൊലീസിൽ പരാതി നൽകി. ഇതിനിടെ ഇരുവരും സ്ഥലം വിടുകയായിരുന്നു.
തുടർന്നു പാന്പാടി സിഐ സാജു വർഗീസിനു പെണ്‍കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. ഇരുവരും കോഴിക്കോട് രാഹുലിന്റെ ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതായി പൊലീസിനു വിവരം ലഭിച്ചു. തുടർന്നു എസ്ഐ അനൂപ് ജോസ്, എഎസ്ഐ ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിക്രമൻ, വനിതാ സിവിൽ പൊലീസ് ഓഫിസർമാരായ ശാന്തി, ശ്രീകല എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.