തൊടുപുഴ: സ്കൂൾ വിദ്യാർഥികളായ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കായികാധ്യാപകൻ തൊടുപുഴ പോലീസിന്റെ പിടിയിലായപ്പോൾ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സമൂഹത്തിൽ വളരെ മാന്യനായി നടന്ന അധ്യാപകനാണ് കാലങ്ങളായി ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി വന്നത്. കുട്ടികളെ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങൾ ഇയാൾ മൊബൈൽഫോണിൽ പകർത്തി ലാപ് ടോപ്പിൽ സൂക്ഷിച്ചിരുന്നു.
ഇത് കൂടുതൽ പേർക്ക് കൈമാറിയിട്ടുണ്ടോയെന്നറിയാൻ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ വിശദമായ പരിശോധന നടത്തും. തൊടുപുഴ കോടിക്കുളം സ്വദേശിയായ സോയിസ് ജോർജിനെ(28) യാണ് പോക്സോ നിയമ പ്രകാരം തൊടുപുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. തൊടുപുഴയിൽ നിന്ന് ഏതാനും കിലോമീറ്റർ മാറിയുള്ള സ്വകാര്യ സ്കൂളിലെ അധ്യാപകനായ ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തി നാലു വർഷത്തോളമായി നിരന്തര പീഡനത്തിനിരയാക്കുകയായിരുന്നു.
പീഡനത്തിനിരയായ ഒരു കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് പീഡന വിവരം പുറത്തു വന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി. പീഡനത്തിനിരയാക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിലും ലാപ്ടോപ്പിലും പകർത്തി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പീഡനത്തിനിരയായ ഒരു കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് കാലങ്ങളായി നടന്നു വന്ന പീഡന വിവരം പുറത്തു വന്നത്. ചൈൽഡ് ലൈൻ അധികൃതർ തൊടുപുഴ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാളുടെ മൊബൈൽഫോണിൽ നടത്തിയ പരിശോധനയിൽ കുട്ടികളുടെ ദൃശ്യങ്ങൾ ലഭിച്ചു.
ഇയാൾ മോശമായി പെരുമാറിയെന്ന് പീഡനത്തിരയായ കുട്ടിയും മൊഴി നൽകി. ഇതോടെ കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് കൂടുതൽ കുട്ടികളെ ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നു വ്യക്തമായത്. അടുത്ത നാളുകളിൽ ആറു കുട്ടികളെ ഇയാൾ പീഡനത്തിനിരയാക്കിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
തൊടുപുഴ നഗരത്തിൽ അന്പലംബൈപ്പാസിനു സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ചും കുട്ടികളെ മറ്റ് സ്ഥലങ്ങളിലും എത്തിച്ചാണ് പീഡിപ്പിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. 13 വയസിൽ താഴെയുള്ള കുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിവിധ ഇടങ്ങളിൽ തെളിവെടുപ്പു നടത്തിയ പോലീസ് ഇയാളുടെ ലാപ്ടോപ്പും കണ്ടെടുത്തു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ ലാപ്ടോപ്പില്ലെന്നായിരുന്നു പ്രതി മൊഴി നൽകിയത്. പ്രാഥമിക പരിശോധനയിൽ ഇതിലും കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. മൊബൈലും ലാപ് ടോപ്പും സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ പരിശോധന നടത്തുമെന്ന് എസ്ഐ വി.സി.വിഷ്ണുകുമാർ പറഞ്ഞു. പ്രതിയെ ഇന്നു വീണ്ടും കോടതിയിൽ ഹാജരാക്കും.