സ്വന്തം ലേഖകൻ
കാസർഗോഡ്: പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പെണ്‍കുട്ടികൾ ഇരകളായതായി പോലീസിനു സൂചന ലഭിച്ചു. ഇതു സംബന്ധിച്ചു പോലീസ് കൂടുതൽ അന്വേഷണത്തിനൊരുങ്ങുന്നതിനിടെയാണ് മംഗളൂരു കേന്ദ്രമാക്കിയ മയക്കുമരുന്നു മാഫിയ കാസർഗോട്ടെ കൂടുതൽ പെണ്‍കുട്ടികളെ വലയിലാക്കിയതായി സൂചനകൾ ലഭിച്ചത്.
ഇതു സംബന്ധിച്ചു രക്ഷിതാക്കൾ പരാതി നൽകാത്തതാണ് അന്വേഷണ ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്. എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികളാണ് ഇത്തരത്തിൽ ആണ്‍സുഹൃത്തുക്കളുടെ വലയിലായി മയക്കുമരുന്നിന് അടിമപ്പെടുന്നത്. മയക്കുമരുന്നു നൽകി പിന്നീട് മംഗളൂരുവിലെത്തിച്ചു അവിടെ വച്ചും ഇവരെ കൂടുതൽ മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ്. മംഗളൂരുവിൽ പഠിക്കുന്ന പെണ്‍കുട്ടികളും സംഘത്തിലുണ്ട്.
ഇവരെ യുവാക്കൾ താമസിക്കുന്ന ഫ്ളാറ്റുകളിലെത്തിച്ച് പീഡനത്തിനിരയാക്കിയതായാണു സൂചന. മാനഹാനി ഭയന്നാണ് പലരും പരാതിപ്പെടാത്തതെന്നാണ് സൂചന. കഴിഞ്ഞ ദിവസം കാസർഗോഡ് ടൗണിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ കാർ പോലീസ് പരിശോധിച്ചപ്പോഴാണ് യുവതിയെയും മറ്റു രണ്ടു പേരെയും പിടികൂടിയത്.
പോലീസിന്റെ ചോദ്യം ചെയ്യലിലാണ് നാടിനെ നടുക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്. സ്വന്തം വീട്ടിലേയ്ക്കെന്നു പറഞ്ഞു ഭർതൃവീട്ടിൽ നിന്നിറങ്ങിയ യുവതിയെ മംഗളൂരു തൊക്കോട്ടെ ലോഡ്ജിലെത്തിച്ച് മൂന്നംഗ സംഘം ക്രൂരമായി പീഡിപ്പിച്ചിരുന്നു.നഗരത്തിലെ സ്കൂളിൽ പഠിക്കുന്നതിനിടെ പത്താം ക്ലാസുമുതൽ ലഹരി മഫായിയുടെ കെണിയിലകപ്പെട്ട പെണ്‍കുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ചുവരുന്നതായും വിവരങ്ങൾ പുറത്തുവന്നു.
വിവാഹിതയായ ശേഷവും ലഹരി മാഫിയയുമായുള്ള ബന്ധം തുടർന്നു. യുവതി കരുവാക്കി മറ്റു ചിലരെയും ഇവരുടെ കെണിയിൽപെടുത്തിയിട്ടുണ്ട്.ഇത്തരം കണ്ണികളെല്ലാം പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണിപ്പോൾ. സംഭവത്തിൽ റിമാൻഡിലായ കാസർഗോഡ് എടനീർ എതിർത്തോട്ടെ കെ.എസ്.സൈഫുദീൻ, പുലിക്കുന്നിലെ മുഹമ്മദ് സുഹൈൽ എന്നിവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനു പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇതു സംബന്ധിച്ചു വൻ കണ്ണികളെക്കുറിച്ചുള്ള സൂചന ലഭിക്കൂവെന്നാണ് പോലീസ് കരുതുന്നത്. മാനഭംഗം, തടങ്കലിൽ വയ്ക്കൽ, ചതിച്ച് തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.