രാജപുരം: ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജ് മുറിയിൽ പീഡിപ്പിക്കപ്പെട്ട യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബളാന്തോട് ചാമുണ്ഡിക്കുന്നിലെ കെ.പി. കമലാക്ഷനെ (27)യാണ് ബേഡകം എസ്ഐ കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
മുന്നാട് ജയപുരത്തെ രണ്ടു മക്കളുടെ മാതാവുമായ യുവതിയാണ് ബലാത്സംഗത്തിനിരയായതിനെതുടർന്നു ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ് ഇന്നലെ രാവിലെ പ്രതിയെ കുറ്റിക്കോലിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാറ്ററിംഗ് ഉടമയാണ് അറസ്റ്റിലായ കമലാക്ഷൻ.