കോഴിക്കോട്: നിറത്തിന്റെയും മറ്റും പേരിലുള്ള പീഡനത്തെതുടര്ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില് കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം തുടങ്ങി. കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്കടുത്ത് പറശേരി ബഷീറിന്റെയും ഷെമീനയുടെയും മൂത്തമകള് ഷഹാന മുംതാസിനെയാണ് (19) ഇന്നലെ രാവിലെ പത്തോടെ സ്വന്തം വീട്ടില് തൂങ്ങിമരിച്ചനിലയില് കണ്ടെത്തിയത്. കൊണ്ടോട്ടി ഗവ. കോളജിലെ ഒന്നാംവര്ഷ ബിഎസ് സി ഗണിതശാസ്ത്ര വിദ്യാര്ഥിയായിരുന്നു.
കഴിഞ്ഞ മേയ് 27നാണ് ഷഹാന മുംതാസും കിഴിശേരി പൂന്തലപ്പറമ്പ് സ്വദേശി അബ്ദുല് വാഹിദുമായുള്ള നിക്കാഹ് കഴിഞ്ഞത്. 20 ദിവസംകഴിഞ്ഞ് അബ്ദുല് വാഹിദ് ഗള്ഫിലേക്കു മടങ്ങി. ഷഹാനയ്ക്ക് നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും ഭാഷ മോശമാണെന്നും സംസാരത്തിന് നിലവാരമില്ലെന്നുമൊക്കെ പറഞ്ഞ് ഭര്ത്താവും വീട്ടുകാരും നിരന്തരമായി അപമാനിച്ചിരുന്നു എന്നാണ് മുംതാസിന്റെ വീട്ടുകാര് പറയുന്നത്.
ഗുരുതര ആരോപണങ്ങളാണ് അബ്ദുള് വാഹിദിനെതിരേ ബന്ധുക്കള് ആരോപിക്കുന്നത്.കറുത്ത നിറമായതിനാല് വെയില് കൊള്ളരുതെന്ന് ഭര്ത്താവ് വാഹിദ് പരിഹസിച്ചിരുന്നതായി മുംതാസിന്റെ ബന്ധുക്കള് ആരോപിച്ചു. നിറത്തിന്റെ പേരു പറഞ്ഞ് നിരന്തരം പീഡിപ്പിച്ചു. കറുത്ത നിറമാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭര്ത്താവ് പീഡിപ്പിച്ചിരുന്നതായി സഹപാഠികളോടു മുംതാസ് പറഞ്ഞതായി അമ്മാവന് സലാം പറയുന്നു. വിവാഹ ബന്ധത്തില് കടിച്ചുതൂങ്ങാതെ ഒഴിഞ്ഞു പോയ്ക്കൂടെ എന്നു ഭര്തൃമാതാവ് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പീഡനം സഹിക്കാനാവാതെ ഉമ്മയുടെ കാലില് പിടിച്ച് മുംതാസ് പൊട്ടിക്കരഞ്ഞു. വിവാഹബന്ധം വേര്പെടുത്തിയാല് ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ് മുംതാസ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള് പറയുന്നു. വാഹിദിനും കുടുംബത്തിനുമെതിരേ പീഡനത്തിന് ഇന്ന് പോലീസില് പരാതി നല്കുമെന്ന് ബന്ധുക്കള് പറഞ്ഞു.