ന്യൂഡൽഹി: മാനഭംഗ സംഭവങ്ങളിലും ലൈംഗിക അതിക്രമങ്ങളിലും ഇരയാവുന്നവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടരുതെന്ന് സുപ്രീം കോടതി. ഇരകളാകുന്നവരെ മനസിലാക്കുന്ന വിധത്തിലുള്ള ചെറിയ സൂചനകൾ പോലും പത്ര മാധ്യമങ്ങളിലുടെ പ്രസിദ്ധപ്പെടുത്തരുതെന്നും ജസ്റ്റീസ് മദൻ ബി. ലോകുർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
അക്രമിത്തിന് ഇരയാവുന്നവരെ തൊട്ടുകൂടാത്തവരായി കാണുന്ന സമൂഹത്തിന്റെ രീതി ദൗർഭാഗ്യകരമാണെന്നു നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. പ്രായപൂർത്തിയാകാത്തവർക്കെതിരേയുള്ള നടക്കുന്ന അതിക്രമണങ്ങളിൽ കേസുകളുടെ എഫ്ഐആർ വെബ്സൈറ്റുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പ്രദർശിപ്പിക്കരുതെന്നു പോലീസിനോടും കോടതി നിർദേശിച്ചു. മങ്ങിയ രീതിയിലുള്ളതോ മറ്റ് രീതിയിലുള്ളതുമായ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
എന്നാൽ, സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ മാധ്യമങ്ങൾ സമാന്തര വിചാരണ നടത്തുകയാണെന്നും അതിനു തടയിടാൻ പ്രത്യേക മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നു അഭിഭാഷക ഇന്ദിര ജയ്സിംഗ് കോടതിയിൽ ആവശ്യപ്പെട്ടു.