തലശേരി: പതിനാലുകാരിയായ മകളെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആൾക്ക് ഇരട്ടജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. പിഴത്തുക കുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പീഡനത്തിന് ഇരയായ കുട്ടിക്ക് തക്കതായ ധനസഹായം നല്കാന് ജില്ല ലീഗല്‍ സര്‍വീസ് അഥോറിറ്റിയോടും കോടതി നിര്‍ദേശിച്ചു.
അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണ് ശക്ഷ വിധിച്ചത്. ബലാത്സംഗത്തിന് ജീവപര്യന്തവും അരലക്ഷം രൂപയുമാണ് ശിക്ഷ. സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ പീഡിപ്പിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരവും ജീവപര്യന്തവും അരലക്ഷം രൂപ പിഴയും വിധിച്ചു. ഏഴാംക്ലാസ് പഠിക്കുമ്പോള്‍ മുതല്‍ 2017 നവംബര്‍ വരെ തുടര്‍ച്ചയായി പ്രതി കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്.
കുട്ടി പീഡനത്തിനിരയായ കാര്യം സ്കൂളധികൃതരാണ് ആദ്യം മനസിലാക്കിയത്. ആലക്കോട് പോലീസിൽ 2017 നവംബര്‍ 17ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തത്. കുട്ടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.