
തലശേരി: പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന് പുറമെ മറ്റൊരാളും പെൺകുട്ടിയെ പീഡിപ്പിച്ചതായി സൂചന. ഇക്കാര്യം അന്വേഷിക്കുന്നതിനായി ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംഘം രൂപീകരിച്ചതായി ഉന്നത ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ഇതിനിടയിൽ അന്വേഷണ സംഘത്തെ സഹായിക്കാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ വിദഗ്ദസംഘം എത്തി. വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൗൺസിലേഴ്സ് അടങ്ങിയ വിദഗ്ധ ടീമാണ് അന്വേഷണ സംഘത്തെ സഹായിക്കാൻ രംഗത്തുള്ളത്.
ഇവർ പീഡനത്തിനിരയായ പെൺകുട്ടിയുമായും സഹപാഠികളുമായും സംവദിച്ചു വരികയാണ്. ഈ വിദഗ്ദ സംഘത്തിന്റെ റിപ്പോർട്ട് കേസിൽ നിർണായകമാകും. സംസ്ഥാനത്ത് ആദ്യമായാണ് പോക്സോ കേസിൽ പോലീസ് സംഘത്തിന് പുറമെ ഇത്തരത്തിലുള്ള വിദഗ്ധസംഘം രംഗത്തു വരുന്നത്.
ഈ സംഘത്തിന്റെ റിപ്പോർട്ട് വരുന്നത് വരെ പീഡനത്തിനിരയായ പെൺകുട്ടിയേയോ സഹപാഠികളെയോ കാണുകയോ മൊഴിയെടുക്കുകയോ ചെയ്യരുതെന്ന് ജില്ലയിൽ തുടരുന്ന അന്വേഷണ സംഘത്തിന് ഉന്നത പോലീസ് ഉദ്യാഗസ്ഥർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അധ്യാപകരും പ്രദേശവാസികളും ഉൾപ്പെടെ 30 പേരുടെ മൊഴികൾ ഇതുവരെ അന്വേഷണസംഘം രേഖപ്പെടുത്തി. ഐജി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പികൂടിയായ കെ.വി. സന്തോഷ്, ഡിവൈഎസ്പി കെ.കെ. രാധാകൃഷണൻ, സിഐ മധുസുദനൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഐജിയും എസ്പിയും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പുകൾ നടത്തിയിരുന്നു. ഏറെ വിവാദമായ ഈ കേസിൽ കൂടുതൽ പ്രതികളുള്ളതായും കേസ് തുടക്കം മുതൽ അട്ടിമറിക്കാൻ ശ്രമം നടന്നതായും ആരോപണമുയർന്നിരുന്നു.
പാനൂർ പാലത്തായി യുപി സ്കൂൾ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും അധ്യാപക സംഘടനയായ എൻടിയുവിന്റെ ജില്ലാ നേതാവുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജനാണ് (പപ്പൻ-45) കേസിലെ പ്രതി.
മാർച്ച് 17 നാണ് സംഭവത്തിൽ പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു പുറമെ 164 പ്രകാരം മട്ടന്നൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെ പെൺകുട്ടി രഹസ്യമൊഴിയും നൽകിയിരുന്നു.