തലശേരി: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ശീതളപാനീയത്തില്‍ മയക്കു മരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ എഫ്ഐആര്‍ പ്രകാരം പ്രതി ചേര്‍ക്കപ്പെട്ട പ്ലസ് വണ്‍ വിദ്യാർഥിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കോട്ടയം സ്വദേശിയായ വിദ്യാര്‍ഥി ഇപ്പോള്‍ കോഴിക്കോട് പ്ലസ് വണ്ണിന് പഠിക്കുകയാണ്. ഈ വിദ്യാർഥി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന് വിശദമായ അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് പ്രതിപ്പട്ടികയില്‍ നിന്നും വിദ്യാര്‍ഥിയെ ഒഴിവാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന് രാഷ്ട്രദീപികയോട് പറഞ്ഞു.
പോലീസിന് നല്കിയ മൊഴിയില്‍ വിദ്യാർഥിയുടെ പേര് പറഞ്ഞ പെണ്‍കുട്ടി 164 പ്രകാരം പയ്യന്നൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ രഹസ്യ മൊഴിയില്‍ വിദ്യാര്‍ഥിയുടെ പേര് പറഞ്ഞിരുന്നില്ല. എന്നാല്‍ മറ്റൊരു പ്രതിയായ പിതൃസഹോദരിയുടെ പേര് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ദുരൂഹതകള്‍ ഏറുന്ന ഈ കേസില്‍ പെണ്‍കുട്ടി നല്കിയ ആദ്യ മൊഴിയനുസരിച്ച് പെണ്‍കുട്ടിയുടെ പിതൃസഹോദരിയും കോട്ടയും സ്വദേശിയായ വിദ്യാര്‍ഥിയുമാണ് പ്രതി ചേര്‍ക്കപ്പെട്ട രണ്ട് പേര്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് സംശയിച്ചിരുന്ന യുവാവിനെ ഏറെ സാഹസികമായിട്ടാണ് പോലീസ് കണ്ടെത്തിയത്. കോട്ടയം സ്വദേശിയായ യുവാവ് ഇപ്പോള്‍ പ്ലസ് വണ്ണിന് പഠിക്കുന്ന കോഴിക്കോട്ടെ സ്ഥാപനത്തിലെത്തിയ പോലീസ് വിദ്യാര്‍ഥിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് സംഭവം നടക്കുമ്പോള്‍ യുവാവ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംഭവ സമയത്ത് കോട്ടയത്താണ് വിദ്യാര്‍ഥി പഠിച്ചിരുന്നത്.
ഈ സമയത്ത് ഒരു തരത്തിലുള്ള പീഡനവും വിദ്യാര്‍ഥിയിൽ നിന്നും പെണ്‍കുട്ടിക്ക് ലഭിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെടുക മാത്രമാണ് വിദ്യാര്‍ഥി ചെയ്തതെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതാരാണെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പോലീസ്.
സംഭവവുമായി ബന്ധപ്പെട്ട വടകര സ്വദേശിയായ യുവാവിനേയും ഒരു ഓട്ടോറിക്ഷ ഡ്രൈവറേയും പോലിസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ പങ്ക് സംബന്ധിച്ചും വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇതിനിടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ യുവാവിന് സൗകര്യമൊരുക്കി കൊടുത്തുവെന്ന് സംശയിച്ചിരുന്ന യുവതിയുടെ റോള്‍ സംബന്ധിച്ചും വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
പീഡനത്തിരയായ പെണ്‍കുട്ടിയുടെ പിതൃസഹോദരിയെ പോലീസ് ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ട്യൂഷന് കഴിഞ്ഞ് വരികയായിരുന്ന തന്നെ പിതൃസഹോദരി കൂട്ടി കൊണ്ടു പോകുകയും. ഒരു പഴയ തറവാട്ട് വീട്ടില്‍ വെച്ച് ശീതള പാനീയം നല്‍കിയെന്നും.
പിന്നീട് ഓര്മ നശിച്ച തന്നെ യുവാവ് പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി പോലീസിന് നല്കിയ ആദ്യ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്. മയക്കത്തിലാണെങ്കിലും നടന്ന സംഭവങ്ങളെല്ലാം തനിക്ക് ഓര്‍മയുണ്ടെന്നും എന്നാല്‍ പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ തളര്‍ന്നു കിടന്നു പോയതായും പീഡനത്തിനു ശേഷം യുവാവ് രക്ഷപെട്ടുവെന്നും കരഞ്ഞു കൊണ്ട് പുറത്തിറങ്ങിയ തന്നെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ വീട്ടിലെത്തിച്ചുവെന്നുമാണ് പെണ്‍കുട്ടി പറയുന്നത്.
ഈ മൊഴിയില്‍ പറഞ്ഞതനുസരിച്ചുള്ള പ്രതിയെ കണ്ടെത്തിയപ്പോഴാണ് സംഭവം നടന്ന കാലഘട്ടത്തില്‍ വിദ്യാർഥിയായ പ്രതി കോട്ടയത്താണുണ്ടായിരുന്നതെന്നും അന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നുവെന്നും വ്യക്തമായിട്ടുള്ളത്. മാത്രവുമല്ല പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചുവെന്ന് പറയുന്ന ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തുന്നതിനായി പോലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വട്ടം ചുറ്റുകയാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തമ്മിലുള്ള കുടുംബ വഴക്കുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്.