തലയോലപ്പറന്പ്: പ്രളയകാലത്ത് അഭയകേന്ദ്രത്തിൽ താമസിക്കുന്നതിനിടയിൽ 13കാരിയായ വിദ്യാർഥിനിയെ ശാരീരികമായി ദുരുപയോഗം ചെയ്ത ബന്ധുവിനെതിരേ പോലീസ് കേസെടുത്തു.തലയോലപ്പറന്പ് സ്റ്റേഷൻ പരിധിയിൽ ബന്ധുവിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്.
എട്ടാം ക്ലാസ് വിദ്യാർഥിനി സ്കൂളിലെ കൗണ്‍സലിംഗിനിടയിൽ ബന്ധുവിൽ നിന്ന് തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ചു പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
കേസിനാസ്പദമായ സംഭവം തലയോലപ്പറന്പ് സ്റ്റേഷൻ പരിധിയിലായിരുന്നതിനാൽ ഇന്നലെ കേസ് തലയോലപ്പറന്പ് പോലീസിനു കൈമാറി.
വർഷങ്ങളായി പെണ്‍കുട്ടിയുടെ പിതാവ് കർണാടകയിലാണ് ജോലി ചെയ്യുന്നത്. ഏതാനും വർഷം മുന്‍പ് മാതാവ് മറ്റൊരാൾക്കൊപ്പം കടന്നുകളഞ്ഞു. പിന്നീട് മാതാവിന്റെ ബന്ധുവായ സ്ത്രീയ്ക്കൊപ്പമാണ് പെണ്‍കുട്ടി കഴിയുന്നത്.
പ്രളയകാലത്ത് മാതാവിന്റെ അനുജത്തിയുടെ ഭർത്താവിന്റെ അനിയനാണ് പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.