തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ 16കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ ലോഡ്ജ് മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. സംഭവവുമയി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ നവംബര്‍ 13 നും 19 നും പറശിനിക്കടവിലെ ലോഡ്ജില്‍ വച്ചു പെണ്‍കുട്ടിയെ കെട്ടിയിട്ട് മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ലോഡ്ജ് മാനേജര്‍ പവിത്രന്, മാനഭംഗപ്പെടുത്തിയ മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്, അയൂബ് എന്നിവരെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ. ദിനേശന് അറസ്റ്റ് ചെയ്തത്.
പ്രതികളെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട അഞ്ജന എന്ന യുവതിയാണ് പ്രലോഭിപ്പിച്ച് തന്നെ ലോഡ്ജിലെത്തിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. അഞ്ജനയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്.
ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മൊഴിയില്‍ ലഭിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു. അച്ഛൻ ഉള്‍പ്പെടെ കൂടുതല്‍ പേര് കേസില്‍ ഉള്‍പ്പെടുമെന്നാണ് പോലീസ് നല്കുന്ന സൂചന. തിങ്കളാഴ്ച രാത്രി സംഭവത്തില്‍ കേസെടുത്ത ഉടന്‍ തന്നെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെയും സ്ക്വാഡ് അംഗങ്ങളുടേയും സമര്‍ത്ഥമായ നീക്കത്തിലൂടെ പ്രധാനപ്രതികളെ അന്ന് രാത്രി തന്നെ പിടികൂടിയിരുന്നു.
ഇന്നലെ രാവിലെ ഒന്പിതനാരംഭിച്ച മൊഴിയെടുക്കൽ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പൂർത്തിയായത്. അതിക്രൂരവും സങ്കൽപിക്കാൻ പോലും കഴിയാത്ത രീതിയിലുള്ള പീഡനങ്ങളുമാണ് അനുഭവിക്കേണ്ടി വന്നതെന്നാണ് പെൺകുട്ടിയുടെ മൊഴിയിലുള്ളത്.കേസിനെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
നവംബര്‍ 26 ന് പെണ്‍കുട്ടിയുടെ സഹോദരന് വന്ന ഒരു ഫോണ്‍കോളില്‍ നിന്നായിരുന്നു സംഭവത്തിന്റെ ചുരുളഴയുന്നത്. സഹോദരിയുടെ നഗ്നവീഡിയോ കൈയിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കില്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഫോണ്‍വഴി വന്ന ഭീഷണി.
ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്താനായിരുന്നു നിര്‍ദ്ദേശം. ഇത് പ്രകാരം 27 ന് രാത്രി ഷൊര്‍ണൂരിലെത്തിയ സഹോദരനെ മൂന്നംഗസംഘം മാരുതി സ്വിഫ്റ്റ് കാറില്‍ കയറ്റി അജ്ഞാതകേന്ദ്രത്തിലെത്തിച്ചു. ഇവിടെ കാത്തുനിന്ന മൂന്നംഗസംഘം വീഡിയോ കാണിച്ചു. ഇതു ചോദ്യം ചെയ്തപ്പോൾ ആറംഗസംഘം ഭീകരമായി മര്‍ദിച്ച ശേഷം ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. നാട്ടിലെത്തിയ യുവാവ് സഹോദരിയോട് വിവരങ്ങള്‍ ചോദിക്കുകയും തുടര്‍ന്ന് കണ്ണൂര്‍ വനിതാസെല്‍ സിഐക്ക് പരാതി നല്‍കുകയും ചെയ്തു.