തലശേരി: സേ പരീക്ഷക്കെത്തിയ പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകന് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹർജി ഫയല്‍ ചെയ്തു. ചൊക്ലി പന്ന്യന്നൂര്‍ സ്വദേശിയാണ് മുന്‍കൂര്‍ ജാമ്യഹർജി ഫയല്‍ ചെയ്തത്. കേസ് നാളെ കോടതി പരിഗണിക്കും. ഇതിനിടെ പ്രതിയെ തേടി തലശേരി പോലീസ് ഇന്ന് ചെന്നൈയിലേക്ക് തിരിക്കും.
കഴിഞ്ഞ ദിവസം പ്രതിയ്ക്കായി പോലീസ് പ്രതിയുടെ വീട്ടിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ മാസം 14 നാണ് കേസിനാസ്പദമായ സംഭവം. അധ്യാപകനില്‍ നിന്നും ദുരനുഭവം ഏറ്റുവാങ്ങേണ്ടി വന്ന പെണ്‍കുട്ടി വിവരം വീട്ടിലറിയിക്കുകയും ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയുമായിരുന്നു.
ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍ പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസിന് കൈമാറുകയും ടൗണ്‍ പോലീസ് പോക്സോ പ്രകാരം കേസെടുക്കുകയുമായിരുന്നു.