ഉപ്പുതറ: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയുടെ മാതാവിന്റെ മൊഴിയെടുത്തു.
ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പന്റെ മകൾ എം.കെ. ഷീജ (27) ആണ് ഭർത്താവ് വളകോട് പുത്തൻവീട്ടിൽ ജോബിഷിന്റെ വീട്ടിൽ വെള്ളിയാഴ്ച തൂങ്ങിമരിച്ചത്.
ഈ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ മാതാവ് ചിന്നമ്മ മൊഴി നൽകിയത്.പത്ത് മാസം മുമ്പായിരുന്നു ജോബിഷിന്റെയും ഷീജയുടെയും വിവാഹം.
വിവാഹനിശ്ചയ സമയത്ത് എട്ടു പവൻ സ്വർണമായിരുന്നു നൽകാമെന്ന് പറഞ്ഞിരുന്നത്. ഇതിൽ ആറു പവൻ സ്വർണം മാത്രമേ നൽകാൻ കഴിഞ്ഞുള്ളൂ.
ബാക്കി രണ്ടു പവൻ സ്വർണത്തെച്ചൊല്ലി മദ്യപിച്ചെത്തുന്ന ജോബിഷിന്റെ പിതാവ് മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് പരാതി.
മാതാവും കുത്തുവാക്കുകൾകൊണ്ട് വേദനിപ്പിക്കുന്നത് പതിവായിരുന്നെന്നും പറയുന്നു. ജോബിഷും രാത്രി വീട്ടിലെത്തുമ്പോൾ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നതായി ചിന്നമ്മയോട് ഷീജ പറഞ്ഞതായി മൊഴിനൽകി.
ജോബിഷിന്റെയും മാതാപിതാക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം കാരണമാണ് മകളെ വീട്ടിൽ വരുത്തിയിരുന്നെന്നും 34 ദിവസം കഴിഞ്ഞാണ് ജോബിഷ് വിളിക്കാനെത്തിയതെന്നും മൊഴിയിലുണ്ട്.
അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഉപ്പുതറ സിഐ ഇ. ബാബുവിനാണ് അന്വേഷണച്ചുമതല.