വടകര: നാല് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ പോലിസ് അലംഭാവം കാണിക്കുന്നതായി റൂറൽ എസ്പിക്ക് പരാതി. ചോന്പാല പോലിസ് സ്റ്റേഷൻ പരിധിയിൽ ഈ മാസം നാലിനായിരുന്നു സംഭവം. കുട്ടിയുടെ മാതാവാണ് പരാതി നൽകിയത്.
അയൽവാസിയും സമീപത്ത് പെട്ടിക്കട നടത്തുന്നയാളുമായ മുപ്പത്തിയഞ്ചുകാരനാണ് മിഠായി തരാനെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കടക്കുള്ളിൽ കയറ്റി പീഡിപ്പിച്ചത്. മകൻ തിരികെ വരാത്തതിനെ തുടർന്ന് അന്വേഷിച്ച് പോയ മാതാവാണ് കുട്ടിയെ കടയുടെ ഉള്ളിൽ കണ്ടത്. അസ്വാഭാവികത തോന്നിയെങ്കിലും കൂടുതൽ പറയാൻ കുട്ടി തയ്യാറായില്ല.
പിന്നീട് സ്കൂളിലെ ടീച്ചറോടാണ് കുട്ടി വിശദമായി സംസാരിച്ചത്. തുടർന്ന് ഇക്കഴിഞ്ഞ 13ന് ചോന്പാല പോലിസിൽ പരാതി നൽകി. അന്ന് രാത്രി പോലിസ് വീട്ടിലെത്തി മൊഴിയെടുത്തു. എന്നാൽ ആ സമയം അയൽപക്കത്തെ വീട്ടിലുണ്ടായിരുന്ന പ്രതിയെ പിടികൂടാനോ കസ്റ്റഡിയിലെടുക്കാനോ തയ്യാറായില്ല.
പിറ്റേന്നു കുട്ടിയെ വടകര ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയനാക്കി. ആ ദിവസം ഉച്ചവരെ പ്രതി വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന് പറയുന്നു. എന്നാൽ വൈകിട്ട് പോലിസ് വരുന്നതിന് മുന്പേ പ്രതിയും മാതാവും വീട് പൂട്ടി പോയിരുന്നു. പ്രതിക്ക് മാനസിക രോഗമുണ്ടെന്ന് പോലിസ് പറഞ്ഞതായി വീട്ടുകാർ പറയുന്നു.
പീഡന സമയത്ത് കുട്ടിയെ പ്രതി വായും മൂക്കും പൊത്തിപ്പിടിക്കുകയും തലക്ക് മർദ്ദിക്കുകയും ചെയ്തതായി പറയുന്നുണ്ട്. മുഖത്ത് കരുവാളിച്ച അടയാളവും ഉണ്ടായിരുന്നു. മാനസിക അസ്വാസ്ഥ്യമെന്നു പറഞ്ഞ് പോലിസ് പ്രതിക്ക് മുൻകൂർ ജാമ്യം നേടാൻ സൗകര്യം ചെയ്ത് കൊടുക്കുകയാണെന്നാണ് റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ മാതാവ് ആരോപിക്കുന്നത്.