കോയന്പത്തൂർ: ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു തമിഴ്നാട്ടിൽ വധശിക്ഷ. സന്തോഷ് കുമാർ എന്ന പ്രതിക്കാണു കോയന്പത്തൂരിലെ പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചത്. ഒന്‍പതു മാസംകൊണ്ടു വിചാരണ പൂർത്തിയാക്കിയാണു പ്രത്യേക കോടതി കേസിൽ വിധി പറഞ്ഞത്.
കുറ്റകൃത്യത്തിൽ രണ്ടാമതൊരാൾക്കു കൂടി പങ്കുണ്ടെന്നതിനു ഫൊറൻസിക് റിപ്പോർട്ട് അടക്കം തെളിവുണ്ടെന്നു കണ്ടെത്തിയതിനാൽ കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും പോക്സോ കോടതി ഉത്തരവിട്ടു. ഈ ആവശ്യം ഉന്നയിച്ച് കുട്ടിയുടെ മാതാവ് ഹർജി സമർപ്പിച്ചിരുന്നു.
വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയൽവാസിയായിരുന്ന സന്തോഷ് കുമാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ചു കൊന്ന് ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. രണ്ടു ദിവസത്തിനുശേഷമാണു മൃതദേഹം കണ്ടെത്തിയത്. സന്തോഷിന്റെ തന്നെ ടീ ഷർട്ടിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.