തൊടുപുഴ: കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവതിയടക്കം ഏഴംഗ സംഘം വാഗമണ്ണിൽ പിടിയിലായ സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തും.
പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ വാഗമണിനു സമീപം കൊച്ചുകരുന്തരുവിയിൽ വച്ചാണ് സംഘം പിടിയിലായത്. സംഘത്തിന് പെണ്‍വാണിഭവുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വാഗമണിലെ റിസോർട്ടിൽ താമസിച്ചാണ് ഇവർ മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
പിടിയിലായവരിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരും വിൽപ്പന നടത്തുന്നവരും ഉൾപ്പെട്ടിട്ടുണ്ടെന്ന്് വാഗമണ്‍ സിഐ ജയ സനിൽ പറഞ്ഞു.
പൂഞ്ഞാർ മറ്റക്കാട് മുളയ്ക്കൽ പറന്പിൽ അജ്മൽ ഷാ (23), തിരുവനന്തപുരം കുടപ്പനമൂട് സലജ ഭവനിൽ സിദ്ധു (24), കുമളി അട്ടപ്പള്ളം സ്വദേശി പാറയിൽ നവീൻ ബാബു (23), കോഴിക്കോട് ബാലുശേരി പുത്തൂർവട്ടം തയ്യിൽ അഖിൽ രാജ് (24), ആലുവ മില്ലുപടി പി.കെ. ഹൗസിൽ മുഹമ്മദ് ഷിയാദ്(24), തമിഴ്നാട് കന്യാകുമാരി അഴീക്കൽ അറുതഗുണവിളൈ സ്വദേശി രഞ്ജിത്ത് (29), കോഴിക്കോട് ആയഞ്ചേരി സ്വദേശിനിയായ ഇരുപതുകാരി എന്നിവരെയാണ് വാഗമണ്‍ സിഐയുടെ നേതൃത്വത്തിൽ പിടിയിലായത്.
പ്രതികളുടെ പക്കൽ നിന്ന് ഒൻപത് ഗ്രാം കഞ്ചാവും ഒരു മില്ലിഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. പൂഞ്ഞാർ സ്വദേശി അജ്മൽ ഷാ മുൻപും ലഹരിമരുന്ന് കടത്തു കേസിൽ പ്രതിയാണ്. ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് പിടിയിലായവരെന്നാണ് പോലീസിനു ലഭിച്ച സൂചന.
ഭർത്താവിൽ നിന്നു പിരിഞ്ഞു കഴിയുന്ന യുവതി മുഹമ്മദ് ഷായുടെ കാമുകിയാണെന്നാണ് പോലീസിനോട് പറഞ്ഞത്. ഇത് പൂർണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവർക്ക് മയക്കുമരുന്ന് എവിടെ നിന്നും ലഭിച്ചെന്നതിനെ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണത്തിലാണ്.
വാഗമണ്‍ കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന് പോലീസിനു സൂചന ലഭിച്ചതിനെത്തുടർന്ന് പോലീസ് റിസോർട്ടുകൾ കേന്ദ്രീകരിച്ചും വാഹന പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ നിയന്ത്രണങ്ങൾ നില നിൽക്കുന്പോഴും വാഗമണിലേക്ക് ഒട്ടേറെ വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്.
ഇതിനിടെ തൊടുപുഴയിൽ കാറിൽ കടത്തിയ കഞ്ചാവും ഹാഷിഷ് ഓയിലും പിടി കൂടിയ സംഭവത്തിൽ എക്സൈസ് പാലക്കാട് കേന്ദ്രീകരിച്ച് അന്വേഷണം ഉൗർജിതമാക്കി. ഇടുക്കി അസി.എക്സൈസ് കമ്മീഷണർ ടോമി ജേക്കബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം വെങ്ങല്ലൂരിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ 51.5 കിലോ കഞ്ചാവും 356 ഗ്രാം ഹാഷിഷ് ഓയിലുമാണ് എക്സൈസ് പിടി കൂടിയത്. ലഹരിമരുന്ന് കടത്തിയ നെയ്യശേരി ഇടമനയ്ക്കൽ ഹാരിസ് നാസറി (25)നെ അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ തഴുവംകുന്നിലുള്ള വീട്ടിൽ എക്സൈസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തി. അരക്കോടിക്കു മേൽ വില വരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും ഇയാൾ ആർക്കു വേണ്ടിയാണ് എത്തിച്ചതെന്നും ആരാണ് പാലക്കാട് വച്ച് ലഹരിമരുന്നുകൾ കൈമാറിയതെന്നുമുള്ള വിവരങ്ങളാണ് എക്സൈസ് സംഘം ശേഖരിക്കുന്നത്.