ഇടുക്കി: വിദേശത്ത് ജോലിക്കു പോയി ഏജന്റുൾപ്പെടെയുള്ളവർ കൂട്ടമാനഭംഗത്തിനിരയാക്കിയ യുവതി തിരികെ നാട്ടിലെത്തിയപ്പോൾ ഡിവൈഎഫ്ഐ ജില്ലാ നേതാവ് ബ്ലാക്ക് മെയിൽ ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി.
വാഗമണിലെ റിസോർട്ടിൽ തനിക്കും സുഹൃത്തുക്കൾക്കും വഴങ്ങണമെന്നാണ് നേതാവ് യുവതിയോട് ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി പീരുമേട് പോലീസിനു പരാതി നൽകിയെങ്കിലും ഇടതു യുവജന നേതാവിന്റെ പേരിൽ കേസെടുക്കാൻ പോലീസ് തയാറായില്ലെന്നും യുവതി പറയുന്നു.
മുണ്ടക്കയത്തിനു സമീപപ്രദേശത്തുള്ള യുവതിയാണ് ഏലപ്പാറ സ്വദേശിയായ ഏജന്റു മുഖേന കഴിഞ്ഞ മാർച്ച് 20നു വിദേശത്ത് ജോലിക്കായി പോയത്. വിദേശത്തെത്തിയപ്പോൾ തന്നെ മലയാളികളായ ഏതാനും പേർ പീഡനത്തിനിരയാക്കിയതായാണ് പരാതി.
പീഡനം സഹിക്കാതെ തിരികെ നാട്ടിലെത്തിയപ്പോഴാണ് ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി കൂടിയായ നേതാവ് വാഗമണിലെ റിസോർട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടതും പ്രതിഫലമായി 20,000 രൂപ വാഗ്ധാനം ചെയ്തതും. ഒപ്പം സുഹൃത്തുക്കൾ കൂടിയുണ്ടാകുമെന്നും നേതാവ് പറഞ്ഞിരുന്നു.
താൻ അത്തരക്കാരിയല്ല എന്ന് മറുപടി പറഞ്ഞ യുവതി ഇയാൾ ബ്ലാക്ക് മെയിലിംഗ് തുടർന്നപ്പോൾ പീരുമേട് സിഐക്ക് പരാതി നൽകുകയായിരുന്നു. എന്നാൽ ഡിവൈഎഫ്ഐ നേതാവിനെതിരെ കെസടുക്കാൻ പോലീസ് തയാറായില്ല.
വിദേശത്ത് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ വിദേശ മലയാളികളായ മൂന്നു പേരുടെ പേരിലാണ് പോലീസ് കേസെടുത്തത്. യുവതി നൽകിയ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ പേര് ചൂണ്ടിക്കാട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കട്ടപ്പന ഡിവൈഎസ്പി എൻ.സി.രാജ്മോഹന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.