കോട്ടയം: വിദേശ ജോലി വാഗ്ദാനം ചെയ്ത് വൈക്കത്ത് യുവതികളെ വലയിൽ വീഴ്ത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തെ പോലീസ് പിടികൂടിയെങ്കിലും കേസെടുക്കാതെ വിട്ടയച്ചു. കാനഡയിൽ ജോലി വാഗ്ദാനം ചെയത് പെണ്‍കുട്ടികളെ വലയിൽ വീഴ്ത്തുന്ന സംഘത്തിലെ രണ്ടു പേരെയാണ് ഇന്നലെ പിടികൂടിയത്. പാവപ്പെട്ട രണ്ടു യുവതികളാണ് യുവാക്കളുടെ വലയിൽ വീണത്. കാനഡയിൽ ജോലി വാങ്ങിത്തരാം എന്നു പറഞ്ഞ് യുവതികളെക്കൊണ്ട് യുവാക്കൾ പാസ്പോർട്ട് എടുപ്പിച്ചു.
അതിനു ശേഷം ഇവർ യുവതികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. യുവാക്കൾക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടതോടെയാണ് യുവതികൾ പോലീസിനെ സമീപിച്ചത്. പോലീസ് അന്വേഷിച്ച് യുവാക്കളെ കസ്റ്റഡിയിൽ എടുത്തെങ്കിലും തങ്ങൾ നല്ല ഉദേശത്തിലാണ ഇടപെട്ടതെന്ന യുവാക്കളുടെ മൊഴി വിശ്വസിച്ച് പോലീസ് വിട്ടയക്കുകയായിരുന്നു.
പാവപ്പെട്ട യുവതികളെ രക്ഷപ്പെടുത്താനായിരുന്നു തങ്ങൾ ശ്രമിച്ചതെന്നും പിടിയിലായവർ പോലീസിനോട് പറഞ്ഞു. അതേ സമയം അന്വേഷണത്തിൽ വിദേശത്ത് ജോലിക്ക് അയക്കുന്ന ഏജൻസിയുടെ ഒരു അംഗീകാരവും യുവാക്കൾക്ക് ഉണ്ടായിരുന്നില്ലെന്ന് വൈക്കം എസ്ഐ പറഞ്ഞു.
യുവതികൾക്ക് കേസ് വേണ്ട എന്നു പറഞ്ഞതിനാലാണ് കേസ് എടുക്കാതിരുന്നതെന്നും എസ്ഐ വ്യക്തമാക്കി. പോലീസിന് സ്വമേധയാ കേസെടുക്കാനാവില്ലെന്നും എസ്ഐ പറഞ്ഞു. യുവാക്കൾ ഇതിനു മുൻപ് ഇത്തരം പ്രവർത്തികളിൽ ഉൾപ്പെട്ടിരുന്നോ എന്നു വ്യക്തമല്ല.