കോട്ടയം: ജീപ്പിൽ യാത്ര ചെയ്യുന്നതിനിടെ സിവിൽ എക്സൈസ് ഓഫീസറുടെ കൈ വനിതാ സിവിൽ എക്സൈസ് ഓഫീസറുടെ ദേഹത്ത് സ്പർശിച്ചു. അറിയാതെയാണെന്ന് പുരുഷ ഉദ്യോഗസ്ഥൻ. അല്ലെന്ന് വനിതാ ഉദ്യോഗസ്ഥ. ജിപ്പിലെ വഴക്കിനുശേഷം വനിതാ ഉദ്യോഗസ്ഥ മേലധികാരിക്ക് പരാതി നല്കി. രണ്ടാഴ്ച കഴിഞ്ഞിട്ടും പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല. മേലധികാരി പരാതി മുക്കിയെന്നാണ് ഇപ്പോൾ ഉയരുന്ന വിവാദം.
ജില്ലയിലെ ഒരു എക്സൈസ് ഓഫീസിലെ വനിതാ ജീവനക്കാരിക്കുണ്ടായ അനുഭവമാണിത്. രണ്ടാഴ്ച മുൻപ് റെയ്ഡിനു പോകുന്പോഴാണ് കൈ അസ്ഥാനത്ത് മുട്ടിയ സംഭവമുണ്ടായത്. കൈ ഉടമയാകട്ടെ അല്പം ലഹരിയിലായിരുന്നുവെന്നു പറയുന്നു. ലഹരി അകത്തു ചെന്നാൽ കക്ഷി ഒന്നു മുറുക്കും.
സംഭവം നടന്ന ദിവസം ഇതുരണ്ടും ഉണ്ടായിരുന്നുവെന്നും പറയുന്നു. ജീപ്പിലെ യാത്രയാകുന്പോൾ ചിലപ്പോ കൈ മുട്ടിയെന്നൊക്കെ വരും. അതല്ലാതെ മറ്റൊന്നുമില്ലെന്നാണ് ആരോപണ വിധേയന്റെ പക്ഷം. എന്നാൽ ജീപ്പിലുണ്ടായിരുന്ന മറ്റു ജീവനക്കാരോട് ചോദിച്ചാൽ സത്യം അറിയാമെന്ന് വനിതാ ഉദ്യോഗസ്ഥ.
വനിതകൾക്ക് ഓഫീസിലും ജോലി സ്ഥലത്തും ഒരു തരത്തിലുമുള്ള പ്രയാസങ്ങൾ ഉണ്ടാകരുത് എന്നതാണ് സർക്കാർ നയം. എന്നിട്ടും എക്സൈസിലെ വനിതാ ഉദ്യോസ്ഥ നല്കിയ പരാതിക്ക് ഒരു കടലാസിന്റെ വില പോലും കൽപ്പിക്കാത്തത് എന്ത് എന്ന ചോദ്യമുയരുന്നു.