കോട്ടയം: പുനലൂർ സ്വദേശിനിയായ യുവതിയെ വീട്ടുവേലയ്ക്കായി വിളിച്ചുവരുത്തി പ്രലോഭിപ്പിച്ച് ബലാൽസംഗം ചെയ്ത കേസിലെ പ്രതിക്ക് പത്തു വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കോട്ടയം വേളൂർ മാണിക്കുന്നംഭാഗത്ത് കുരിക്കാശേരിൽ വീട്ടിൽ കെ.കെ. ജോർജ് (വയസ്-72) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
കോട്ടയം ഒന്നാം അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്ത് വിധി പ്രസ്താവിച്ചു. അതിജീവിതയെ ചതിച്ചും വഞ്ചിച്ചും സമ്മർദ്ദത്തിനടിമപ്പെടുത്തിയും സാന്പത്തിക ചൂഷണം നടത്തിയുമാണ് പ്രതി പീഡനത്തിനിരയാക്കിയിട്ടുള്ളതെന്ന് കോടതി കണ്ടെത്തി.
പിഴ ഈടാക്കുന്നതിൽ രണ്ടു ലക്ഷം രൂപ ഇരയ്ക്ക് നഷ്്ടപരിഹാരമായി നൽകുന്നതിനും കോടതി നിർദ്ദേശിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറായിരുന്ന സക്കറിയ മാത്യുവും തുടർന്നു ഗിരീഷ് പി. സാരഥിയും അന്വേഷണം പൂർത്തീകരിച്ചു കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകനായ സതീഷ് ആർ. നായർ ഹാജരായി.