തൃശൂർ: സ്കൂൾ ട്രിപ്പിനിടെ ഓട്ടോറിക്ഷയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറുവർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പുത്തൂർ സ്വദേശി കൊടിയൻ വിത്സനെ (58)യാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്. 2015-ൽ ഒല്ലൂരിലാണ് കേസിനാസ്പദമായ സംഭവം.
പോക്സോ നിയമപ്രകാരം അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയടയ്ക്കുന്നതിനും പുറമെ ഇന്ത്യൻ ശിക്ഷാ നിയമം 506 പ്രകാരം ഒരു വർഷത്തെ കഠിനതടവും പതിനായിരം രൂപ പിഴയടയ്ക്കുന്നതിനുമാണു ശിക്ഷിച്ചിരിക്കുന്നത്.
പിഴയടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. പിഴത്തുക ഇരയ്ക്കു നൽകണമെന്നു വിധിന്യായത്തിൽ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയ്കുമാർ ഹാജരായി.