വൈപ്പിൻ: മാലിപ്പുറം വളപ്പ് ബീച്ചിൽ കൽക്കട്ട സ്വദേശിയായ 19 – കാരിക്ക് നേരെ ബലാത്സംഗത്തിനു ശ്രമം നടന്നു വെന്ന പരാതിയിൽ യുവതിയെ ബീച്ചിലെത്തിച്ച ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചു.
പെൺകുട്ടി പറഞ്ഞതനുസരിച്ച് താൻ ബീച്ചിൽ കൊണ്ടുപോയി വിട്ട് ഉടൻ തിരിച്ചു പോന്നെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴിയത്രേ. ഇതിന് ദൃസാക്ഷികളുമുണ്ടെന്നാണ് സൂചന.
അതേ സമയം രാത്രി ഒമ്പതരയോടെ താൻ ജോലി ചെയ്യുന്ന കലൂർ കതൃക്കടവ് ഭാഗത്തുള്ള സ്ഥാപനത്തിനടുത്ത് നിന്നും ഓട്ടോയിൽ കയറി ദർബാർ ഹാൾ ഗ്രൗണ്ടിലേക്ക് പോയതാണത്രേ. എന്നാൽ ഡ്രൈവർ ആകട്ടെ തന്നെ പുതുവൈപ്പ് ബീച്ചിലാണ് എത്തിച്ചതെന്ന് പെൺകുട്ടി പറയുന്നു.
ഓട്ടോയിൽ കയറിയ ഉടനെ തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും പിന്നെ തനിക്ക് ബോധം വീണ്ടു കിട്ടിയപ്പോൾ ഒരു ബീച്ചിലെ മുളങ്കാട്ടിലുമായിരുന്നുവെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞുവത്രേ.
ഇതാണ് പോലീസിനെ വട്ടം കറക്കുന്നത്. അങ്ങിനെയെങ്കിൽ പെൺകുട്ടിയെ ബലാത്സംഗത്തിനു മുതിർന്നത് വേറെ ആര് എന്ന അന്വേഷണത്തിലാണ് പോലീസ് .
എങ്കിലും ബലാത്സംഗ ശ്രമം പെൺകുട്ടി മെനഞ്ഞ നാടകമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം പെൺകുട്ടിയെ പോലീസ് ഞാറക്കൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തിയിയ ശേഷമാണ് വിട്ടയച്ചത്.