കുരുക്ഷേത്ര: ഹരിയാനയിലെ യമുനനഗറിൽ നവ വധുവിനെ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് മാനഭംഗപ്പെടുത്തി. ഭർത്താവിന്റെ മുത്തസഹോദരനും സഹോദരിയുടെ ഭർത്താവും ചേർന്നാണ് പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയത്.
പെൺകുട്ടിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് പിന്നീട് ബന്ധുക്കൾ പെൺകുട്ടിയുടെ പിതാവിനെ വിളിച്ചു വരുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്നു പെൺകുട്ടിയുടെ പിതാവ് കുരുക്ഷേത്ര പോലീസിൽ പരാതി നൽകി.
സെപ്റ്റംബർ 12നായിരുന്നു വിവാഹം. പെൺകുട്ടിക്ക് മയക്കു മരുന്ന് നൽകിയശേഷമായിരുന്നു ഇവർ മാനഭംഗപ്പെടുത്തിയത്. തുടർച്ചയായി മൂന്ന് ദിവസം ഇവർ കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തിൽ അമ്മായിയമ്മയ്ക്കും രണ്ട് സഹോദരിമാർക്കും പങ്കുണ്ടെന്നും കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും എന്നാൽ പ്രതികൾ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചു വരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.