ചെന്നീർക്കര: പീഡനക്കേസിൽ ആരോപണ വിധേയനായ യൂത്ത്കോൺഗ്രസ് ഭാരവാഹിയെ നീക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ചെന്നീർക്കര മേഖലാ കമ്മിറ്റി. അതേ സമയം പഞ്ചായത്ത് – ബ്ലോക്ക് ഭരണ തലങ്ങളിൽ വിവിധ ഘട്ടങ്ങളിലായി കഴിഞ്ഞ ഇരുപത് വർഷമായി ജനപ്രതിനിധികളായി പ്രവർത്തിച്ച് ജനസമ്മതി നേടിയെടുത്തതിന്റെ വിലകുറച്ചു കാണിച്ചുകൊണ്ട് ചിലർ സ്ത്രീപീഡന സംഭവം പർവതീകരിച്ച് തങ്ങൾക്കെതിരെ ദളിത് പീഡനം നടത്തുകയാണെന്ന് യുവാവിന്റെ മാതാവും ബന്ധുക്കളും ആരോപിച്ചു.
രാവിലെ പഞ്ചായത്ത് കാര്യാലയം ഉപരോധിച്ച യുവാക്കളെയും എൽഡിഎഫ് പഞ്ചായത്തംഗങ്ങളെയും പോലീസ് അറസ്റ്റുചെയ്ത് നീക്കി. യൂത്ത് കോണ്ഗ്രസ് നേതാവുകൂടിയായ യുവാവ് നരിയാപുരം സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പതായാണ് പരാതി.
നാലു ദിവസം മുന്പ് രാത്രി വീട്ടിലെത്തിയ യുവതിയെ യുവാവിന്റെ അമ്മയും മറ്റൊരാളും ചേർന്ന് അടിച്ചെന്നും ഇതേ തുടർന്ന് കൈത്തണ്ടയിലെ ഞരന്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചെന്നും അവശനിലയിലായ യുവതിയെ ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നെന്നും പിന്നീട് വനിതാ സെൽ പോലീസിന്റെ സഹായത്താൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്നും യുവതി പോലീസിന് നൽകിയ മൊഴി നല്കിയിരുന്നു.
എന്നാൽ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തെങ്കിലും തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഡിവൈഎഫ്ഐ ചെന്നീർക്കര മേഖലാ കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. രാഷ്ട്രീയ ലക്ഷ്യത്തിലുപരി തന്റെ മകൻ ഉൾപ്പെടെയുടെ പട്ടികജാതി കോളനിയിലെ യുവാക്കളെ മർദിച്ചതിൽ പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമപ്രകാരമുളള കേസിൽ വിചാരണ നേരിട്ട ചില വ്യക്തികൾ തന്നെയും തന്റെ മക്കളെയും വേട്ടയാടുകയാണെന്നും ഭർത്താവ് മരിച്ച താൻ മരണഭീതിയോടെയാണ് വീട്ടിൽ കഴിയുന്നതെന്നും യുവാവിന്റെ മാതാവും പരാതി നൽകി.
ഉപരോധത്തിന് എൽഡിഎഫ് പഞ്ചായത്തംഗങ്ങളായ അഭിലാഷ് വിശ്വനാഥ്, റ്റി.റ്റി.ജോണ്സ്, കെ.കെ.സജി, എ.പി.അനു, മേഖലാ സെക്രട്ടറി എം.ആർ.മധു എന്നിവർ നേതൃത്വം നൽകി