തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി പരാതിക്കാരിയായ അധ്യാപിക.
കുന്നപ്പിള്ളി നടത്തിയ പീഡനവിവരം പുറത്തറിയിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടത്തുകയാണെന്ന് അധ്യാപിക ആരോപിച്ചു.
സംഭവത്തില്‍ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ അധ്യാപിക പരാതി നല്കി.
തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് അരീക്കല്‍, പെരുമ്പാവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എല്‍ദോസ് ചിറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20 ന് കോടതി വിധി പറയും.
ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
പരാതിക്കാരിയായ അധ്യാപികയെ എംഎൽഎ, പല സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്.
കോവളം പോലീസ് കേസെടുത്തതിന് പിന്നാലെ എംഎൽഎ ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.