വാളയാർ: ലൈംഗിക ചൂഷണത്തിനിരയായ പതിനാറു വയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തും കോളജ് വിദ്യാർഥിയും ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കനാൽപ്പിരിവ് ഉപ്പുകുഴിയിൽ ജയപ്രകാശ് (44), എൻജിനീയറിംഗ് വിദ്യാർഥി കഞ്ചിക്കോട് ചുള്ളിമട സ്വദേശി വിപിൻ(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ അച്ഛന്റെ മരണശേഷം ഉറ്റബന്ധുവുമായി അടുപ്പം പുലർത്തിയിരുന്നയാളാണ് ജയപ്രകാശ്. ഈ അടുപ്പം മുതലെടുത്ത് പലപ്പോഴും കുട്ടിയുടെ വീട്ടിലെത്താറുള്ള ഇയാൾ നിരന്തരമായി കുട്ടിയെ ഉപദ്രവിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പെണ്‍കുട്ടിയുടെ മരണസമയത്തും അതിനുമുന്പും ഇയാൾ ഇവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്.
അറസ്റ്റിലായ വിപിൻ പെണ്‍കുട്ടിയെ പ്രണയംനടിച്ച് കബളിപ്പിച്ച ശേഷം ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നെന്നു അന്വേഷണ സംഘം പറയുന്നു. സ്കൂളിൽ പോകുന്ന വഴിയിലും പിന്നീട് വീട്ടിലെത്തുന്പോഴും ഇയാൾ കുട്ടിയെ പിന്തുടർന്നെത്തി ഉപദ്രവിക്കുകയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
ഒരുവർഷംമുന്പ് അട്ടപ്പള്ളത്ത് പീഡനത്തിനിരയായി സഹോദരിമാർ തൂങ്ങിമരിച്ചതിനുശേഷം ഈ മേഖലയിൽ ഏഴു പെണ്‍കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ട്. പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. പന്ത്രണ്ടോളംപേർ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.