മുക്കം: ജോലിക്ക് പോകുന്നതിനിടെ വയോധിക പീഡനത്തിനിരയായ സംഭവത്തിൽ പ്രതിയെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായി വിവരം. പത്ത് ദിവസത്തെ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
സംഭവം നടന്ന മൊബൈൽ ടവർ പരിധിയിലെ ആ സമയത്തെ മുഴുവൻ മൊബൈലുകളും പരിശോധിച്ചപ്പോഴാണ് പ്രതിയെന്ന് സംശയിക്കുന്ന ആളിലേക്ക് എത്തിയത്.
ഇയാൾ സംഭവസമയത്ത് ടവർ പരിധിയിൽ ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസം പിടിയിലായ കഞ്ചാവ് കേസിലെ പ്രതികളുമായി ഇയാൾക്ക് ബന്ധമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല ഇടക്കിടക്ക് ഇയാൾ മുക്കത്ത് വന്ന് പോയിരുന്നതായും നിരവധി സിം കാർഡുകൾ ഇയാളുടെ പേരിൽ ഉള്ളതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രതിക്കുവേണ്ടി വിവിധ രീതിയിൽ അന്വേഷണം നടത്തിയിട്ടും യാതൊരു തെളിവും ലഭിക്കാത്തതിനെ തുടർന്ന് മൊബൈൽ ടവറിന് പരിധിയിലുള്ള മുഴുവൻ ഫോണുകളും പരിശോധിച്ചതാണ് വഴിതിരിവായത്.
പ്രതിയെന്ന് സംശയിക്കുന്ന ആൾക്ക് മറ്റൊരു ജില്ലയിൽ സമാനമായ കേസുള്ളതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിനിരയായ മുത്തേരി സ്വദേശിനിയായ അറുപത്തഞ്ച് വയസുകാരി പരുക്കുകൾ ഭേദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസ്, താമരശേരി ഡിവൈഎസ്പി ടി.കെ അഷ്റഫ് എന്നിവരുടെ മേൽനോട്ടത്തിൽ മുക്കം ഇൻസ്പെക്ടർ ബി.കെ സിജു, ബാലുശേരി ഇൻസ്പെക്ടർ ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘമായാണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്.