പത്തനംതിട്ട: അട്ടത്തോട്ടിൽ വനവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടു പേർകൂടി പിടിയിൽ. കേസിൽ നേരത്തേ ഒരാൾ അറസ്റ്റിലായിരുന്നു.
അട്ടത്തോട് നെടുങ്ങാലിൽ വീട്ടിൽ രമേശൻ (24), ഉതിമൂട്ടിൽ കണ്ണൻ ദാസ് (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം പന്പ പോലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ (22) കഴിഞ്ഞ നവംബറിൽ ഇതേ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചിറ്റാർ പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ച് പത്താം ക്ലാസിൽ പഠിച്ചുവരവേയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.
മഹിളാ മന്ദിരത്തിലും ട്രൈബൽ ഹോസ്റ്റലിലും കഴിഞ്ഞ പെണ്‍കുട്ടിയെ ആരോഗ്യ പ്രവർത്തകർ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്.
ഒരു വർഷം മുന്‍പ് നിലയ്ക്കലിൽ ജോലിക്ക് വന്ന ജയകൃഷ്ണനുമായി പെണ്‍കുട്ടി പ്രണയത്തിലാവുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 14ന് ഇയാൾ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെന്ന വ്യാജേന നിലയ്ക്കൽ ക്ഷേത്രത്തിൽ എത്തിച്ചു.
പരിസരവാസികൾ വിവരം അറിയിച്ചത് അനുസരിച്ച് പോലീസ് ഇടപെട്ട് പെണ്‍കുട്ടിയെ കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിൽ ആക്കിയിരുന്നു.
പിന്നീടു നടന്ന കൗണ്‍സിലിംഗിൽ പെണ്‍കുട്ടി ഗർഭിണിയാണെന്ന വിവരം മറച്ചു വച്ചു. തനിക്ക് തുടർന്ന് പഠിക്കണമെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടർന്ന് ചിറ്റാർ ട്രൈബൽ ഹോസറ്റലിലേക്ക് മാറ്റി.
ഒക്ടോബർ നാലിന് ഇവിടെ എത്തിയ ആരോഗ്യപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
ആരോഗ്യപ്രവർത്തകർ റിപ്പോർട്ട് ചെയ്തത് അനുസരിച്ചാണ് ജയകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. കൗണ്‍സിലിംഗ് തുടർന്നപ്പോളാണ് കൂടുതൽ വിവരങ്ങൾ വെളിച്ചത്തു വന്നത്.
അച്ഛനെ മദ്യംനൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ പതിവായി പീഡിപ്പിച്ചത്. ഇവർ ഒന്‍പതു പേരുണ്ടെന്ന് പെണ്‍കുട്ടി മൊഴി നൽകിയതായാണ് അറിയുന്നത്. ഇതേ വരെ മൂന്നു പേരാണ് അറസ്റ്റിലായത്.