തിരുവനന്തപുരം: ‘എനിക്കു കരാട്ടേ പഠിക്കണം… എന്നെ പിടിച്ചവനെ ഇടിക്കണം….’ ഇനിയും എന്തോ പറയണമെന്നുണ്ടെങ്കിലും അവളുടെ ശബ്ദം ഇടറി. തന്റെ ജീവിതം തകർത്ത ആ പീഡന സംഭവം ഓർത്ത് അവൾ നിശബ്ദയായി.
തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതിയിലാണ് സംഭവം. പോക്സോ കേസിൽ മൊഴി നൽകാൻ എത്തിയ പീഡനത്തിനിരയായ മനോനില തെറ്റിയ പെണ്‍കുട്ടിയാണ് ഇതു പറഞ്ഞത്.
സംഭവത്തേക്കുറിച്ച് ജഡ്ജി ആർ. ജയകൃഷ്ണൻ ചോദിച്ചപ്പോഴായിരുന്നു ഇത്രയും പറഞ്ഞത്.
മനോനില തകർന്ന പെണ്‍കുട്ടിക്ക് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ കോടതിയോടു പറഞ്ഞു.
ഇതു പരിഗണിച്ച് കോടതി ഇരയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് ഉത്തരവിട്ടു. മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സ നടത്താനാണ് കോടതി നിർദേശിച്ചത്.
2013 ൽ ആറാം ക്ലാസിൽ പഠിക്കുന്പോഴാണ് ഈ പെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. മനോദൗർബല്യമുള്ള കുട്ടിയെ സമീപത്തുള്ള രണ്ടു പേർ പീഡിപ്പിക്കുകയായിരുന്നു.
മനോരോഗിയായ അമ്മ തടഞ്ഞിട്ടും പ്രതികൾ ഈ പെണ്‍കുട്ടിയെ വെറുതേവിട്ടില്ല. പീഡന ശ്രമം എതിർത്തപ്പോൾ ക്രൂരമായി മർദനവുമേറ്റു. ഈ സംഭവത്തിനു ശേഷം കുട്ടിയുടെ മനോരോഗം കൂടി.
മനോനില തെറ്റിയ അമ്മയും തൊണ്ണൂറുകാരിയായ അമ്മൂമ്മയും മാത്രമാണ് ആശ്രയം. കുട്ടിയെ ചികിത്സയ്ക്കു കൊണ്ടു പോകാൻ ആരുമില്ല.
അതിനുള്ള സാന്പത്തിക സ്ഥിതിയുമില്ല. ചികിത്സ മുടങ്ങിയതിനാൽ കുട്ടിയുടെ മനോനില കൂടുതൽ തെറ്റിയിരുന്നു.
കുറച്ച് വർഷങ്ങളായി സംസാരിക്കുന്നില്ല. കുട്ടിയെ ചികിത്സിക്കാൻ അയയ്ക്കണോയെന്ന് അമ്മയോടും അമ്മുമ്മയോടും കോടതി ചോദിച്ചപ്പോൾ ഇരുവരും സമ്മതിച്ചു.
തുടർന്നു കുട്ടിക്ക് ചികിത്സയക്ക് വേണ്ട സഹായം നൽക്കാൻ കോടതി പൂജപ്പുര പോലീസിന് നിർദേശം നൽകി.