തിരുവനന്തപുരം : പതിനാറ്കാരിയുടെ വായിൽ തുണി കെട്ടി മൂടിയിട്ട് രണ്ടു പേർ ചേർന്ന് ബലാൽസംഗം ചെയ്ത കേസിൽ രണ്ടാം പ്രതിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി വിധിച്ചു.
വലിയതുറ മിനി സ്റ്റുഡിയോയ്ക്ക് സമീപം സുനിൽ അൽഫോൺസി (32) നെയാണ് ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴ തുക ഇരയായ പെൺക്കുട്ടിക്ക് നൽകണം.
2014 ഫെബ്രുവരി 26ന് ഇരയായ പെൺകുട്ടി പനി മൂലം വലിയതുറ ആശുപത്രിയാൽ ചികിത്സയ്ക്കു വന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അന്ന് ആശുപത്രിയിൽ വച്ച് കേസിലെ ഒന്നാം പ്രതിയായ പതിനാറുകാരൻ തന്റെ സഹോദരി അന്വേഷിക്കുന്നു എന്ന് പറഞ്ഞ് പെൺക്കുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
പതിനാറുകാരന്റെ ചേച്ചിയും പെൺകുട്ടിയും ഒരുമിച്ച് പഠിച്ചിരുന്നതിനാൽ മറ്റ് സംശയം തോന്നാത്ത പെൺകുട്ടി ഇയാളോടൊപ്പം വീട്ടിലേക്ക് പോയി.
വീട്ടിൽ ചെന്നയുടൻ ചേച്ചിയെ അന്വേഷിച്ചപ്പോൾ പതിനാറുകാരൻ കതക് അടച്ചു. തുടർന്ന് പെൺകുട്ടിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു.
ഈ സമയം മുറിയിൽ ഒളിച്ചിരിക്കുകയായിരുന്ന രണ്ടാം പ്രതിയായ സുനിൽ കുട്ടിയെ കടന്ന് പിടിച്ചു. കുട്ടി ബഹളംവച്ചപ്പോൾ തുണികൊണ്ട് വാ മൂടി കെട്ടി.
തുടർന്ന്പ്രതികൾ കുട്ടിയെ ബലാൽസംഗം ചെയ്തു. കുട്ടിയുടെ ബഹളം കേട്ട് സമീപത്തുള്ള സ്ത്രീ വാതിൽ തട്ടിയപ്പോൾ സുനിൽ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടു.
ഈ സ്ത്രീയാണ് കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലേക്കു പറഞ്ഞ് അയച്ചത്. എന്നാൽ വിചാരണ വേളയിൽ ഈ സ്ത്രീ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറി. ഒന്നാം പ്രതിയായ പതിനാറുകാരന്റെ വിചാരണ ജുവനൈൽ കോടതിയിലാണ്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്ൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.
ഈ സംഭവം പീഡനത്തിനിരയായ പെൺക്കുട്ടിക്കും സമൂഹത്തിലുമുണ്ടാക്കിയ ഭീതി കണക്കിലെടുക്കുമ്പോൾ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലായെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.
വലിയതുറ സിഐ മാരായിരുന്ന ഡി.അശോകൻ, സി.എസ്.ഹരി എന്നിവരാണ് അന്വേഷണം നടത്തിയത്.
പ്രതി ജയിലിൽ കിടന്ന കാലാവധി, ശിക്ഷയിൽ നിന്ന് ഇളവ് ചെയ്തിട്ടുണ്ട്.