കോട്ടയം: പീഡനക്കേസിൽ വീണ്ടും അകത്തായ പാന്പാടി ആശ്വാസഭവൻ ഡയറക്ടർ ജോസഫ് മാത്യു (58) പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നത് കാലു തിരുമ്മലിന്റെ മറവിൽ. തടവുകാരുടെ കുട്ടികളാണ് ഇവിടത്തെ അന്തേവാസികൾ. അതിനാൽ ചോദിക്കാനും പറയാനും ആളില്ലാത്ത തീർത്തും അനാഥരായ കുട്ടികളാണിവർ. ഇവരെ എന്തു ചെയ്താലും ആരും ചോദിക്കില്ലെന്നു കരുതി വർഷങ്ങളായി പെണ്‍കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നു.
ആശ്വാസ ഭവനിലെ അന്തേവാസിയും ഇടുക്കി സ്വദേശിയുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ വർഷം ജൂലൈ 27 നാണ് ജോസഫിനെ ആദ്യമായി പാന്പാടി സിഐ ആയിരുന്ന സാജു വർഗീസ് അറസ്റ്റു ചെയ്തത്. ഇതേ തുടർന്ന് ഇവിടെയുണ്ടായിരുന്ന 20 കുട്ടികളെ പോലീസ് ഇടപെട്ട് മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ കുട്ടികളെ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം വെളിപ്പെടുത്തിയത്.
ഇപ്പോൾ അഞ്ചു മുതൽ 14 വയസ് വരെയുള്ള നാലു കുട്ടികളെ പീഡിപ്പിച്ചതിനാണ് അറസ്റ്റ്. ഇതിൽ അഞ്ചു വയസുള്ള കുട്ടിയെ മൂന്നാമത്തെ വയസിൽ പീഡിപ്പിച്ചു തുടങ്ങിയെന്ന ഞെട്ടിക്കുന്ന വിവരവും കൗണ്സലിംഗിലുടെ പുറത്തു വന്നു.
രാത്രിയിൽ ഭാര്യ ഉറങ്ങിക്കഴിയുന്പോൾ കുട്ടികളുടെ മുറിയിലെത്തി വിളിച്ചുണർത്തി കാല് തിരുമ്മിക്കും. ഇതിനിടയിലാണ് പീഡനം. ആദ്യ കേസിൽ മൂന്നു മാസത്തോളം റിമാൻഡിൽ കഴിഞ്ഞിരുന്ന ജോസഫ് നവംബർ ആദ്യത്തോടെയാണ് പുറത്തിറങ്ങിയത്.
ജോസഫിന് തമിഴ്നാട്ടിലെ ദിണ്ടിഗലിലും സമാന രീതിയിലുള്ള സ്ഥാപനമുണ്ട്. ഇവിടെ ഇരുപതോളം കുട്ടികളെ താമസിപ്പിച്ചിട്ടുണ്ട്. ആദ്യ കേസിൽ ജാമ്യത്തിലിറങ്ങിയ ജോസഫ് നേരേ പോയത് തമിഴ്നാട്ടിലേക്കാണ്. അവിടത്തെ കുട്ടികളും പീഡനത്തിനിരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പാന്പാടി സിഐ യു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളുടെ മൊഴിയെടുത്ത് ജോസഫിനെതിരെ കേസെടുത്തു. തുടർന്ന് ഇന്നലെ ഉച്ചയോടെ ജോസഫ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. നാലു കുട്ടികളുടെയും മൊഴികൾ രേഖപ്പെടുത്തിയ ശേഷമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.