ആലങ്ങാട്: ആലുവയ്ക്കടുത്ത് വെളിയത്തുനാട്ടില്‍ പെരിയാറില്‍ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് പൂഴ്ത്തി.
പത്താംക്ലാസ് വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
ഉന്നത രാഷ്ട്രീയ ഇടപെടലുകള്‍ മൂലം കേസ് ഒതുക്കിത്തീര്‍ക്കാനാണ് പോലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്.
കഴിഞ്ഞ മാസം 23നാണ് പെണ്‍കുട്ടിയുടെ മൃതദേഹം പെരിയാറില്‍നിന്നു കണ്ടെടുത്തത്.
22ന് സ്കൂളില്‍നിന്നു മടങ്ങിയെത്താത്തതിനെതുടര്ന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തടിക്കക്കടവ് പാലത്തിനു സമീപം പുഴയില്‍ മൃതദേഹം കണ്ടത്.
ആത്മഹത്യയെന്ന നിഗമനത്തില്‍ അസ്വാഭാവിക മരണമായാണ് ആലുവ വെസ്റ്റ് പോലീസ് കേസെടുത്തിരുന്നത്.
പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടു
വെളിയത്തുനാട് അടുവാതുരുത്ത് സ്വദേശിനിയായ പതിനഞ്ചുകാരിയുടെ മരണം നടന്ന് മൂന്നാം ദിവസം വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നെങ്കിലും പോലീസ് ഒന്നരയാഴ്ച ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയായിരുന്നു.
വിശദമായ ഫോറന്‍സിക് പരിശോധനയില്‍ പെണ്‍കുട്ടി ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്തയാളും ട്യൂഷന് ക്ലാസ് നടത്തുന്ന ഒരു അധ്യാപകനും പീഡനത്തിനു പിന്നിലുണ്ടെന്നാണ് സൂചന. പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.
പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നു കരുതുന്ന സുഹൃത്തിനെയും ചില സഹപാഠികളെയും മറ്റും പോലീസ് ചോദ്യംചെയ്തു.
മരിക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്ദത്തിലായിരുവെന്നു സ്കൂള്‍ അധികൃതര്‍ മൊഴി നല്‍കിയിട്ടുണ്ട്.