പയ്യന്നൂര്‍: പോലീസുദ്യോഗസ്ഥന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ പരാതിയില്‍ പെരുമ്പയിലെ വ്യാപാരിയുള്‍പ്പെടെ ആറുപേര്‍ക്കെതിരേ രജിസ്റ്റർ ചെയ്ത പോക്സോ കേസും വ്യാപാരിയെ പോലീസുദ്യോഗസ്ഥന് മര്‍ദിച്ചതായുള്ള പരാതിയും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അന്വേഷണറിപ്പോർട്ട്.
ഈ റിപ്പോർട്ട് അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് പോക്സോ കോടതിയില്‍ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ സിഐ പരാതിക്കാരിക്ക് നോട്ടീസയച്ചു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കണ്ണൂര്‍ റൂറല്‍ എസ്പി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിരുന്നു.
ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നതായി കണ്ടെത്താന്‍ കഴിയാതിരുന്നത്.
അതോടൊപ്പം പോലീസുദ്യോഗസ്ഥന് വ്യാപാരിയെ മര്‍ദിച്ചുവെന്ന പരാതിയും അടിസ്ഥാനവിരുദ്ധമാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ട് റൂറല്‍ എസ്പിക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് നടപടിക്രമത്തിന്റെ ഭാഗമായി പോക്സോ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതായി പയ്യന്നൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പരാതിക്കാരിക്ക് നോട്ടീസും അയച്ചിട്ടുണ്ട്.
2021 ഓഗസ്റ്റ് 19ന് വൈകുന്നേരം മൂന്നരയോടെ പയ്യന്നൂര്‍ പെരുമ്പയിലാണ് പരാതിക്കാസ്പദമായ സംഭവം.
യാത്രയ്ക്കിടയില്‍ കാര്‍ നിര്‍ത്തി പോലീസുദ്യോഗസ്ഥന് ബേക്കറിയില്‍നിന്നു സാധനങ്ങള്‍ വാങ്ങവേ കാറിലിരിക്കുകയായിരുന്ന കുട്ടിയുടെ കയ്യില്‍ കടന്നുപിടിക്കുകയും ഫോണ്‍നമ്പര്‍ ചോദിക്കുകയും കൂടെ വരാന്‍ ആവശ്യപ്പെടുകയും പിതാവിനെ ചേര്‍ത്ത് മോശമായി സംസാരിക്കുകയുമായിരുന്നുവെന്നാണ് പരാതി.
കൂടാതെ ഇക്കാര്യം പിതാവിനോടു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായുമുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നത്.
ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പെരുമ്പയിലെത്തിയ പോലീസുദ്യോഗസ്ഥന് വ്യാപാരിയെ മര്‍ദിച്ചതായും പരാതിയുയര്‍ന്നിരുന്നു.
ഈ രണ്ടു പരാതികളും അടിസ്ഥാനരഹിതമാണെന്നാണ് ക്രൈംബ്രാഞ്ച് സംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
അതേസമയം വ്യാപാരിയെ മര്‍ദിച്ചതായുള്ള പരാതി പോലീസിന് ലഭിച്ചിട്ടില്ലെന്ന് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായര്‍ പറഞ്ഞു.