തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മാതാവിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ വീഴ്ചയില്ലെന്നു പ്രാഥമിക വിലയിരുത്തൽ.
ദക്ഷിണാമേഖല ഐജി ഹർഷിത അട്ടല്ലൂരി കേസ് ഫയലുകൾ പരിശോധിച്ചതിൽനിന്നാണു വിലയിരുത്തൽ.
കടയ്ക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യനെ ഓഫിസിലേക്കു വിളിച്ചുവരുത്തിയാണ് ഐജി കേസ് ഫയലുകൾ പരിശോധിച്ചത്.
കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും കേസ് ഡയറിയും ചൊവ്വാഴ്ച ഹാജരാക്കാൻ എസ്ഐയോട് ആവശ്യപ്പെട്ടതായി ഐജി അറിയിച്ചു.
ബാലക്ഷേമസമിതി അധ്യക്ഷ അഡ്വ.എൻ. സുനന്ദ ഡിസംബർ 30-ന് കടയ്ക്കാവൂർ എസ്എച്ച്ഒക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്.
യുവതിയുടെ ഫോണ് പരിശോധിച്ചതിൽനിന്നു കുട്ടിയുടെ മൊഴി സത്യമാണെന്നു ബോധ്യപ്പെട്ടതിനെതുടർന്നാണ് അറസ്റ്റ് അടക്കം നടപടികളിലേക്കു കടന്നതെന്ന് ഐജിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
യുവതിയുടെ കുടുംബം ചൊവ്വാഴ്ച ഹൈക്കോടതിയിൽ ജാമ്യഹർജി നൽകും. ജില്ലാ പോക്സോ കോടതി അമ്മയുടെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണു കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.