ഏഴുപേരെ കൊന്ന പീലാണ്ടിയെ ഹിന്ദുവാക്കാന്‍ ‘കോടനാട് ചന്ദ്രശേഖരന്‍’ എന്നു പേരുമാറ്റി ! ആദിവാസികളുടെ പോരാട്ടത്തിനൊടുവില്‍ പീലാണ്ടിയ്ക്ക് സ്വന്തം പേര് തിരിച്ചു കിട്ടി…

ഏഴുപേരെ കൊലപ്പെടുത്തുകയും പതിവായി കൃഷിഭൂമി നശിപ്പിക്കുകയും ചെയ്ത പീലാണ്ടിയ്ക്ക് നഷ്ടമായ സ്വന്തം പേര് ഒടുവില്‍ തിരിച്ചു കിട്ടി. പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസികളുടെ പ്രിയങ്കരനായ കൊമ്പനാണ് വര്‍ഗ്ഗീയ പോരാട്ടത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ആനയുടെ പേരുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയത വരെ വിഷയമായ സംഭവത്തില്‍ വനം വകുപ്പ് ഇട്ട ‘കോടനാട് ചന്ദ്രശേഖരന്‍’ എന്ന നാമം തുടച്ചുമാറ്റിയാണ് കാടിന്റെ മക്കള്‍ നല്‍കിയ പീലാണ്ടി എന്ന പേര് അധികൃതര്‍ തിരിച്ചു കൊടുത്തത്.

അട്ടപ്പാടി ആദിവാസി സമൂഹത്തിനിടയില്‍ ഏറെ പ്രിയങ്കരനായ ആനയാണ് കഥാനായകന്‍. ആനയുമായി ചങ്ങാത്തത്തിലായ ആദിവാസികള്‍ അതിന് നല്‍കിയ പേരാണ് പീലാണ്ടി. കാടു വിട്ട് പതിവായി വെളിയില്‍ വരുന്ന ആന ഇതിനകം ഏഴുപേരെ കൊലപ്പെടുത്തിയിട്ടുണ്ട്. കൃഷിഭൂമി നശിപ്പിക്കുന്നതും പതിവാണ്. എന്നിട്ടും ആനയെ വെറുക്കാത്ത ആദിവാസികള്‍ ആനയെ സ്നേഹിക്കുകയും വീട്ടില്‍ പീലാണ്ടിയുടെ പ്രതിഷ്ഠയുണ്ടാക്കി അതില്‍ പൂജ നടത്തുന്നതും പതിവായി ചെയ്തു വരികയാണ്.

പീലാണ്ടി കൃഷി നശിപ്പിക്കുന്നെന്ന് നാട്ടുകാരില്‍ നിന്നും വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രശ്നത്തില്‍ വനംവകുപ്പ് ഇടപെട്ടത്. കൃഷിയിടങ്ങളില്‍ പീലാണ്ടി പതിവായി എത്താന്‍ തുടങ്ങിയതോടെ പരാതിയുമായി താമസക്കാര്‍ വരികയും വനംവകുപ്പ് 2017 മെയ് 30 ന് പീലാണ്ടിയെ പിടിക്കുകയും ചെയ്തു. പീലാണ്ടിയെ വനം വകുപ്പ് എറണാകുളത്തെ കോടനാട് ആനക്കൂട്ടിലേക്ക് മാറ്റുകയും അവിടെ ചട്ടം പഠിക്കാന്‍ ആരംഭിക്കുകയും ചെയ്തു. കുറേ നാളായി പീലാണ്ടിയെ കാണാതായ ആദിവാസികള്‍ 2017 ജൂണ്‍ 6 ന് കോടനാട് ആനക്കൂട്ടില്‍ എത്തിയതോടെയാണ് പീലാണ്ടി ജാതിപ്പോരിന്റെ ഭാഗമായി മാറിയത്.

കരിമ്പ് ഉള്‍പ്പെടെ പീലാണ്ടിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ആഹാര വസ്തുക്കളും സമ്മാനങ്ങളുമായി അട്ടപ്പാടിയില്‍ നിന്നും 11 കുട്ടികള്‍ ഉള്‍പ്പെടെ 54 പേര്‍ വാഹനം വാടകയ്ക്ക് എടുത്ത് 180 കിലോമീറ്റര്‍ താണ്ടി തങ്ങളുടെ പ്രിയപ്പെട്ട ആനയെ തേടി കോടനാട് എത്തി. സന്ദര്‍ശനത്തിനിടയിലാണ് തങ്ങളുടെ പീലാണ്ടി കോടനാട് ചന്ദ്രശേഖരന്‍ എന്ന് പുനനാമകരണം ചെയ്യപ്പെട്ടതായി അറിഞ്ഞത്. പീലാണ്ടി എന്നത് ഹിന്ദു പേരായി തോന്നാതിരുന്നതിനെ തുടര്‍ന്നായിരുന്നു ചന്ദ്രശേഖരന്‍ എന്നാക്കി മാറ്റിയത്. സംഭവം വലിയ വിവാദമാകുകയും ആനയെ ജാതിബോധത്തിന്റെ ഭാഗമാക്കിയെന്നും പീലാണ്ടി എന്ന പേര് മാറ്റിയത് ജാതി വിവേചനമാണെന്ന ആരോപണം ഉയര്‍ന്നു.

പ്രശ്നത്തില്‍ ഇടപെട്ട മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജാതിബോധം വിവേചനം തുടങ്ങിയ ആരോപണം ഉയര്‍ത്തി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വനം വകുപ്പിനും പരാതി നല്‍കി. ഈ യുദ്ധം അവസാനിച്ചത് പീലാണ്ടി എന്ന പേര് നില നിര്‍ത്തിയായിരുന്നു. 2019 ആഗസ്റ്റ് 13 ന് ആനയുടെ പേര് പീലാണ്ടി എന്നാണെന്ന് കാട്ടി വനംവകുപ്പ് നിര്‍ദേശം പുറത്തിറക്കി. എന്നാല്‍ പീലാണ്ടി എന്ന പേര് കുടുംബപേരായിട്ടാണ് നില നിര്‍ത്തിയത്. ഇപ്പോള്‍ ആനയുടെ ഔദ്യോഗിക നാമം ‘പീലാണ്ടി ചന്ദ്രു’ എന്നാക്കി മാറ്റിയിരിക്കുകയാണ്. എന്തായാലും തങ്ങളുടെ പീലാണ്ടിയ്ക്ക് സ്വന്തം പേര് തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ആദിവാസികള്‍.

Related posts