പിലിക്കോട്: അഗ്നി പ്രവേശം നടത്തിയ വിഷ്ണുമൂർത്തി നാളെ വീതുകുന്നു കയറും. ഒപ്പം ആയിരങ്ങളും. പിലിക്കോട് രയരമംഗലം വടക്കേൻവാതിൽ വീതുകുന്നു വിഷ്ണുമൂർത്തി ക്ഷേത്രം ഒറ്റക്കോലമഹോത്സവ ഭാഗമായാണ് തെയ്യം കുന്നിൻമുകളിലെ ക്ഷേത്രത്തിലെത്തി ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നത്. പിലിക്കോട്ടുകാർക്ക് ഇത് കുന്നുമ്മൽ തെയ്യമാണ്.
ദൂരങ്ങൾ താണ്ടിയെത്തി വിഷ്ണുമൂർത്തിയുടെ തെയ്യക്കോലം വീത്കുന്ന് കയറുന്ന ദിനത്തിൽ ഇവിടുത്തെ ഗ്രാമീണ ജനതയും കുന്നിൻ മുകളിലെത്തും. വീതുകുന്നിൽ തെയ്യങ്ങൾ കെട്ടാറില്ല. രയരമംഗലം ഭഗവതി ക്ഷേത്രത്തിന്റെ വടക്കെനടയായ വടക്കേൻ വാതിൽക്കലിൽ അഗ്നി പ്രവേശം നടത്തിയ തെയ്യക്കോലമാണ് കുന്നിൻ മുകളിലേക്ക് വന്നെത്തുന്നത്.
നാളെ രാവിലെ വടക്കേംവാതിലിൽ വിഷ്ണുമൂർത്തി അഗ്നി പ്രവേശം നടത്തും. അതിനു ശേഷം വാദ്യമേളങ്ങളുടെയും ആർപ്പു വിളികളുടെയും അകന്പടിയോടെ ദൂരങ്ങൾക്കിപ്പുറമുള്ള വീതുകുന്നിലേക്ക് വന്നെത്തും. അപ്പോഴേക്കും തെയ്യത്തിന്റെ വീതുകുന്നു കയറ്റം കാണാൻ ഭക്തർ കാത്തിരിപ്പുണ്ടാകും.
ഈ തെയ്യം രാത്രി എട്ടു മണിയോട് കൂടി മാത്രമേ കുന്നിറങ്ങുകയുള്ളൂ. രാവിലെ അഗ്നി പ്രവേശം നടത്തിയ വിഷ്ണുമൂർത്തി രാത്രിവരെ ഭക്തർക്ക് ദർശനം നൽകുന്ന ദേവസ്ഥാനമെന്ന അപൂർവതയും ഇവിടെയുണ്ട്. തെയ്യം കാണാൻ കുന്നുകയറിയാൽ അത്ര പെട്ടെന്നൊന്നും ആരും തിരിച്ചിറങ്ങാറില്ല.
തണൽ വിരിച്ചു നിൽക്കുന്ന ആൽമരങ്ങളും, അതിനിടയിൽ കെട്ടിയൊരുക്കി വച്ചിരിക്കുന്ന കളിച്ചന്തകളും കുന്നിൻ മുകളിൽ എത്തുന്നവരുടെ മനംകുളിർപ്പിക്കുന്ന കാഴ്ചകളാണ്. പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലൂടെയാണ് വീതുകുന്നിലേക്കുള്ള പാത.
ഒറ്റക്കോലത്തിനു തുടക്കം കുറിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് പിലിക്കോട് രയരമംഗലം ക്ഷേത്രത്തിൽ നിന്നും ക്ഷേത്രത്തിനു സമീപമുള്ള വടക്കേൻവാതിലിലേക്ക് ദീപവും തിരിയും കൊണ്ടുവരും. രാത്രി തോറ്റങ്ങളും പനിയൻ തെയ്യവും. നാളെ രാവിലെ 7.30ന് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം. രക്തചാമുണ്ടി,അങ്കക്കുളങ്ങര ഭഗവതി എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടും. പത്തിന് വിഷ്ണുമൂർത്തിയുടെ വീതുകുന്നു കയറ്റം. 12 മണിമുതൽ ഇവിടെ അന്നദാനം.