തിരുവനന്തപുരം: കഴിഞ്ഞ നാൽപത്തിയെട്ടു മണിക്കൂറിൽ പീരുമേട്ടിൽ പെയ്തിറങ്ങിയത് 62.3 സെന്റിമീറ്റർ മഴ. ഇന്നലെ ഇവിടെ 34.9 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. ബുധനാഴ്ച 27.4 സെന്റിമീറ്ററും. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പീരുമേട്ടിലാണ്. മൂന്നാറിൽ ബുധനാഴ്ച 21.6 സെന്റിമീറ്റർ മഴ പെയ്തു. മഴയെ തുടർന്ന് ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ ഇന്നലെ പെയ്ത മഴയുടെ വിവരങ്ങൾ ലഭ്യമായില്ല.
പാലക്കാട് ആലത്തൂരിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ 41.3 സെന്റിമീറ്റർ മഴയാണ് പെയ്തത്. ഇന്നലെ 23.5 സെന്റിമീറ്ററും ബുധനാഴ്ച 17.7 സെന്റിമീറ്ററും മഴയാണ് ഇവിടെ പെയ്തത്. തൃശൂർ വെള്ളാനിക്കരയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ 39.4 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. ഇന്നലെ 25.3 സെന്റിമീറ്ററും ബുധനാഴ്ച 14 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി.
കോഴിക്കോട് ജില്ലയിൽ വടകരയിലായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് – 33 സെന്റിമീറ്റർ. ഇന്നലെ 13.3 സെന്റിമീറ്ററും ബുധനാഴ്ച 19.7 സെന്റിമീറ്ററും മഴ പെയ്തു. എറണാകുളം സൗത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 25.5 സെന്റിമീറ്റർ മഴ പെയ്തു.
ഇന്നലെ മാത്രം 14 സെന്റിമീറ്റർ മഴയാണ് സൗത്ത് റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുമായി പെയ്തത്. ബുധനാഴ്ച ഇവിടെ 11.1 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. കരിപ്പൂർ എയർപോർട്ടിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. ഇന്നലെ ഇവിടെ 27.2 സെന്റീമീറ്ററും ബുധനാഴ്ച 12 സെന്റിമീറ്ററും മഴ പെയ്തു.
പത്തനംതിട്ട കോന്നിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 19.6 സെന്റിമീറ്റർ മഴ പെയ്തു. ഇന്നലെ മാത്രം കോന്നിയിൽ രേഖപ്പെടുത്തിയത് 12 സെന്റിമീറ്റർ മഴയാണ്. കോട്ടയം കോഴായിൽ ഇന്നലെ 13.6 സെന്റിമീറ്ററും ബുധനാഴ്ച 10.5 സെന്റിമീറ്ററും മഴപെയ്തു. രണ്ട ു ദിവസങ്ങളിലായി 27 സെന്റിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്.
വയനാട് മാനന്തവാടിയിൽ കനത്ത മഴയാണ് ഇപ്പോൾ പെയ്യുന്നത്. രണ്ടു ദിവസങ്ങളിലായി പെയ്തത് 24.7 സെന്റീമീറ്റർ മഴ. കണ്ണൂർ തലശേരിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 23.4 സെന്റീമീറ്റർ മഴയാണു പെയ്തത്. തളിപ്പറന്പ്, തലശേരി ഭാഗങ്ങളിൽ ഇന്നലെ ശരാശരി നാല് സെന്റിമീറ്റർ മഴയാണ് പെയ്തത്.
ആലപ്പുഴ ഹരിപ്പാട് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ 21.9 സെന്റിമീറ്റർ മഴപെയ്തു. ഇന്നലെ മാത്രം ഹരിപ്പാട് ഒൻപത് സെന്റിമീറ്റർ മഴ പെയ്തു. കൊല്ലം നഗരത്തിൽ ഇന്നലെ ഏഴ് സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. ബുധനാഴ്ച ഇവിടെ 10 സെന്റിമീറ്റർ മഴയാണ് പെയ്തത്.തിരുവനന്തപുരത്ത് നഗരത്തിൽ ഇന്നലെ അഞ്ച് സെന്റിമീറ്ററും ബുധനാഴ്ച 13 സെന്റിമീറ്ററും മഴ പെയ്തു. കാസർഗോഡ് കുടുലുവിൽ ഇന്നലെ ഒരു സെന്റിമീറ്ററും ബുധനാഴ്ച ഏഴു സെന്റിമീറ്ററും മഴയാണ് പെയ്തത്.
കനത്ത മഴ തുടരുന്പോൾ ഇടുക്കിയിലെ മഴ സകല റിക്കാർഡുകളും തിരുത്തുകയാണ്. ഇതുവരെ ജില്ലയിൽ 294.5 സെന്റിമീറ്റർ മഴ ലഭിച്ചു. 172.8 സെന്റീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. ഇതുവരെ ഇടുക്കിയിൽ ലഭിച്ചത് 70 ശതമാനം അധികമഴയാണ്. എറണാകുളത്ത് 38 ശതമാനവും മലപ്പുറത്ത് 40 ശതമാനവും വയനാട്ടിൽ 21 ശതമാനവും അധികമഴ ഇതുവരെ ലഭിച്ചു.