സിജോ പൈനാടത്ത്
കൊച്ചി: വിശന്നിരിക്കുന്ന രോഗികളെയും അവശരെയും തേടി ഈ കൊറോണക്കാലത്തും പീറ്ററെത്തും. നല്കാന് ഭക്ഷണം മാത്രമല്ല, പരിചരിക്കാന്‍ സ്നേഹമുള്ള ഹൃദയവുമായാണ് ഈ അറുപതുകാരന്റെ സഞ്ചാരം.
എറണാകുളം ജനറല്‍ ആശുപത്രിയിലെത്തുന്നവര്‍ക്കു കെ.ജെ. പീറ്റര്‍ എന്ന ഈ മനുഷ്യസ്നേഹിയെ കാണാതെ പോകാനാവില്ല. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇവിടത്തെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നാലുനേരവും ഭക്ഷണം സൗജന്യമായി നല്‍കിവരുന്ന പദ്ധതി രണ്ടു പതിറ്റാണ്ടടുക്കുകയാണ്.
കോവിഡ് രോഗഭീതിയുടെ ആശങ്കകള്‍ക്കിടയിലും ആശുപത്രിയില്‍ പതിവുപോലെ പീറ്ററും കൂട്ടരുമെത്തുന്നു; സ്നേഹവും കാരുണ്യവും ചാലിച്ചൊരുക്കിയ ഭക്ഷണം പങ്കുവച്ചു നല്കുന്നു. ജനറല്‍ ആശുപത്രിയില്‍ ദിവസവും 400-500 പേർക്കാണ് പീറ്ററിന്റെ നേതൃത്വത്തിലുള്ള റോസറി ചാരിറ്റബിള്‍ ട്രസ്റ്റ് ഭക്ഷണം വിതരണം ചെയ്യുന്നത്.
രോഗികള്‍ക്കു നാലു നേരവും മറ്റുള്ളവര്‍ക്ക് ഉച്ചഭക്ഷണവും നല്കുന്നു. ആശുപത്രി അധികൃതരുടെയും സുമനസുകളുടെയും സഹായത്തോടെയാണു ഭക്ഷണം തയാറാക്കി എത്തിക്കുന്നത്. വിവിധ സംഘടനകളും വ്യക്തികളും പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്.
ഓച്ചന്തുരുത്തിലുള്ള വീട്ടില്‍ ഭാര്യ ലീമയുടെ നേതൃത്വത്തില്‍ പാകം ചെയ്യുന്ന ഭക്ഷണം പീറ്ററിന്റെ ഓമ്നി വാനിലാണ് ആശുപത്രിയിലെത്തിക്കുന്നത്. അയല്‍വാസികളും ഭക്ഷണം പാകം ചെയ്യാന്‍ സഹായിക്കും. ഭക്ഷണം എത്തിക്കുന്നതിനും വിളമ്പുന്നതിനും പീറ്ററിനു സഹായികളുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ശുചിത്വം ഉറപ്പാക്കാന്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെയാണു ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും. ആദ്യഘട്ടത്തില്‍ കരുവേലിപ്പടി, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും മാലിപ്പുറത്തെ ഹെല്‍ത്ത് സെന്ററിലും ഭക്ഷണം വിതരണം ചെയ്തിരുന്നു.
ഇവിടങ്ങളിലെ ഭക്ഷണവിതരണം മറ്റു ചിലർ ഏറ്റെടുത്തപ്പോൾ പീറ്ററിന്റെ ശ്രദ്ധയും കരുതലും ജനറല്‍ ആശുപത്രിയിലേക്കായി. മറ്റാരും നോക്കാനില്ലാത്ത രോഗികളെ കുളിപ്പിക്കാനും ഷേവു ചെയ്യാനും ഭക്ഷണം വിളമ്പി നല്കാനമെല്ലാം പീറ്ററുണ്ടാകും.
പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവര്‍ക്കായി ഓച്ചന്തുരുത്തില് ജെറമിയ പാലിയേറ്റീവ് കെയര്‍ സെന്ററും പീറ്ററിന്റെ നേതൃത്വത്തിലുണ്ട്. സൗജന്യനിരക്കില്‍ സേവനം ലഭ്യമാക്കുന്ന ആംബുലന്‍സും പീറ്ററിനുണ്ട്.