തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ പീതാംബരക്കുറുപ്പിന്റെ സാധ്യത മങ്ങുന്നു. വട്ടിയൂർക്കാവിലെ സ്ഥാനാർഥിയെചൊല്ലി കോണ്‍ഗ്രസിൽ തർക്കം രൂക്ഷമായ സാഹചര്യത്തിലാണു നേതൃത്വം പുനരാലോചന നടത്തുന്നത്.ഇവിടെ കെ. മോഹൻകുമാർ സ്ഥാനാർഥിയായേക്കും.
പീതാംബരക്കുറുപ്പിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരേ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനുമുന്നിൽ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണു നേതൃത്വം വീണ്ടും ചർച്ചകൾ നടത്തിയത്. ചർച്ചകൾ തുടരുകയാണ്.
വട്ടിയൂർക്കാവ്, അരൂർ മണ്ഡലങ്ങൾ പരസ്പരം വച്ചു മാറാമെന്ന നിർദേശം ഐ ഗ്രൂപ്പ് തള്ളിയതോടെ വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ പിന്തുണയുള്ള പീതാംബരക്കുറുപ്പിന്റെ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാൽ പ്രതിഷേധം പീതാംബരക്കുറിപ്പിന്റെ പ്രതീക്ഷകൾ തകർക്കുകയായിരുന്നു.
അതേസമയം, വട്ടിയൂർക്കാവിൽ ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാർഥിയാകും മൽസരിക്കുകയെന്നു കെ. മുരളീധരൻ ആവർത്തിച്ചു. പ്രായം ഒരുഘടകമല്ല. സാങ്കേതികമായി വടകര എംപിയാണെങ്കിലും വട്ടിയൂർക്കാവിൽ തുടർന്നും നിറഞ്ഞുനിൽക്കുമെന്നും മുരളീധരൻ പറഞ്ഞു.