കാസര്‍ഗോഡ് കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ പീതാംബരന്റെ വീട്ടിലെത്തി സിപിഎം മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ പണവും നിയമസഹായവും വാഗ്ദാനം ചെയ്തതായി കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടി അറിയാതെ പീതാംബരന്‍ തനിച്ചു കൊലപാതകം നടത്തില്ലെന്നും മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നുമുള്ള ഭാര്യ മഞ്ജുവിന്റെയും അമ്മ തമ്പായിയുടെയും നിലപാട് രാവിലെ ചാനലുകളിലൂടെ പുറത്തുവന്നതിനു പിന്നാലെ നേതാക്കള്‍ വീട്ടിലെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് ഔദ്യോഗിക അറിയിപ്പുണ്ടായെങ്കിലും ഇനി എല്ലാ കാര്യത്തിനും ഒപ്പമുണ്ടാകുമെന്നും ഒന്നും ഭയപ്പെടേണ്ടെന്നും ഇന്നലെ വീട്ടിലെത്തിയ നേതാക്കള്‍ ഉറപ്പുനല്‍കി. പാര്‍ട്ടിക്കു വേണ്ടി ജീവിച്ച പീതാംബരനെ കൈവിടില്ലെന്നും പറഞ്ഞു. പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ വാങ്ങിയില്ല.
പുറമേ നിന്നുവന്ന ആരൊക്കെയോ ചേര്‍ന്നാണു കൊലപാതകം നടത്തിയതെന്നും പാര്‍ട്ടിക്കു വേണ്ടി പീതാംബരന്‍ കുറ്റം സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നുമാണു കുടുംബം കരുതുന്നത്. എന്റെ മകന്റെ ജീവിതം നശിച്ച ശേഷം ഇനി എനിക്കു പണം വേണ്ടെന്നു പറഞ്ഞു എന്നാണ് പാര്‍ട്ടിക്കാര്‍ പണം വാഗ്ദാനം ചെയ്തതിനെക്കുറിച്ച് പീതാംബരന്റെ അമ്മ പറയുന്നത്. ഒരു മാധ്യമത്തോടാണ് പാര്‍ട്ടി പണം വാഗ്ദാനം ചെയ്ത കാര്യം വീട്ടുകാര്‍ വെളിപ്പെടുത്തിയത്.