പയ്യന്നൂര്‍: കരിവെള്ളൂര്‍ കൊഴുമ്മലില്‍ ഇരുളിന്റെ മറവില്‍ ഗുണ്ടാവിളയാട്ടം.വാഹനത്തിലെത്തിയ സംഘം വീടിന്റെ ജനല്‍ എറിഞ്ഞു തകര്‍ത്തു. ടിപ്പര്‍ ലോറിയും കാറും അടിച്ചു തകര്‍ത്തു.ഇന്ന് പുലര്‍ച്ചെ 2.10നാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കൊഴുമ്മല്‍ വരീക്കരക്കാവിന് സമീപത്തെ വി.പി.പീതാബരന്റെ (55) വീട്ടില്‍ അക്രമമുണ്ടായത്.
വീടിന് സമീപത്തെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുടെയും കാറിന്റെയും ഗ്ലാസുകള്‍ ജാക്കി ലിവര്‍ ഉപയോഗിച്ചാണ് അടിച്ചു തകര്‍ത്തത്.അതിനുശേഷം വീടിന്റെ ജനല്‍ എറിഞ്ഞ് തകര്‍ക്കുകയായിരുന്നു.സംഭവ സമയത്ത് പിതാംബരനും ഭാര്യ ലളിതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.കഴിഞ്ഞ മാര്‍ച്ചിലാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന് വിപിന്‍ തിരിച്ചുപോയത്.
ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ കണ്ടത് വാഹനം പോകുന്നതാണ്. പീതാംബരന് വിവരമറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.പയ്യന്നൂര്‍ പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല.ലോറി ഓണേഴ്സ് അസോസിയേഷന് പയ്യന്നൂര്‍ ഏരിയ എക്സി.അംഗമാണ് പീതാംബരന്.സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.