എം.സുരേഷ്ബാബു
തിരുവനന്തപുരം: പെണ്‍കെണി കേസിൽ കോടതിയും ജുഡീഷ്യൽ കമ്മീഷനും ക്ലീൻ ചിറ്റ് നൽകിയാൽ എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്താൻ അർഹതയും അവകാശവുമുണ്ടെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്റ്റർ. എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെന്നും ശശീന്ദ്രൻ നിർദോഷിയാണെന്ന് അന്വേഷണത്തിലൂടെ തെളിഞ്ഞാൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്താൻ അർഹതയുണ്ടെന്നാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. . ഈ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശശീന്ദ്രൻ മടങ്ങിയെത്തുന്നതിനെ ഘടകകക്ഷികൾക്ക് എതിർക്കാനാകില്ല. ഒരു പാർട്ടിയിൽ നിന്നും ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിക്കുന്നത് അതാത് പാർട്ടികളാണ്. മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കെണി കേസ് അന്വേഷിച്ച ജൂഡീഷ്യൽ അന്വേഷണ കമ്മീഷൻ റിട്ട.ജില്ലാ ജഡ്ജി പി.എസ്.ആന്റണി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ റിപ്പോർട്ടിലെ വിശദാംശങ്ങൾ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻസിപിക്ക് വീണ്ടും മന്ത്രിസ്ഥാനം നൽകുമെന്ന് നേരത്തെ മുഖ്യമന്ത്രി തങ്ങളോട് പറഞ്ഞിട്ടുണ്ട്. ആരോപണങ്ങളിൽ കഴന്പില്ലെന്ന് കോടതിയിൽ നിന്നും ക്ലീൻ ചിറ്റ് ആർക്കാണോ ആദ്യം ലഭിക്കുന്നത് അവർ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന് എൻസിപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.