ഇനി കളി കൂടുതൽ കാര്യമാവുകയാണ്.
ഈയടുത്ത ദിവസങ്ങളിൽ നാം വായിച്ച ഏതാനും വാർത്താ തലക്കെട്ടുകൾ ഒന്നുകൂടി പരിശോധിക്കാം.
.സ്വന്തം ജനങ്ങളെ സർക്കാർ ചോർത്തിയോ? പെഗാസസിൽ വ്യക്തമായ മറുപടി വേണമെന്ന്
രാഹുൽ ഗാന്ധി
.പെഗാസസ് ഫോണ് ചോർത്തൽ: അന്വേഷണത്തിന് ജുഡീഷൽ കമ്മീഷനെ നിയോഗിച്ച് മമത
.പെഗാസസ്: ഡൽഹിയിൽ യോഗം ചേർന്ന് പ്രതിപക്ഷ കക്ഷികൾ
.പെഗാസസ് പ്രതിഷേധം: കേരളത്തിൽനിന്നുള്ള മൂന്നുപേരടക്കം 13 എംപിമാർക്ക് താക്കീത്
.പെഗാസസ് ഫോണ് ചോർത്തൽ: ഛത്തീസ്ഗഡ് സർക്കാർ അന്വേഷണം തുടങ്ങി
.ചോർത്തൽ പ്രതിരോധ രംഗത്തും പ്രധാനമന്ത്രിയുടെ ഓഫീസിലും
.റോ ഉദ്യോഗസ്ഥരുടെയും 2ജി കേസ് അന്വേഷിച്ച രാജേശ്വർ സിംഗിന്റെയും ഫോണ് ചോർത്തി
.പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമെന്ന് നഡ്ഡ
പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ തൊട്ടുമുന്പ് കത്തിപ്പടർന്ന വിഷയമാണ് പെഗാസസ് ഫോണ് ചോർത്തൽ. ആദ്യദിവസം മുതൽ ഇരുസഭകളിലും ബഹളം.
മുകളിൽ കണ്ട വാർത്താ തലവാചകങ്ങളിൽനിന്ന് ഈ വിവാദത്തിന്റെ ആഴവും പരപ്പും വ്യക്തമാണ്. സർക്കാർ ചെയ്തുവെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്ന ഫോണ് ചോർത്തൽ അങ്ങനെ കേട്ടു മറക്കാവുന്ന കാര്യമല്ല.
ഫോണ് ചോർത്തലിന് ഏതാണ്ട് ഇന്ത്യൻ രാഷ്ട്രീയത്തോളം പഴക്കമുണ്ട്, പെഗാസസ് അതിലെ ഒരു ഇളമുറക്കാരൻ മാത്രമെന്ന് ഒരു ദേശീയ ഇംഗ്ലീഷ് ദിനപത്രം വിശേഷിപ്പിച്ചത് കഴിഞ്ഞദിവസമാണ്.
അതിൽ കാര്യമുണ്ട്. എണ്പതുകളിൽ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് രാഷ്ട്രപതി ഭവന്റെ അകത്തളങ്ങളിൽ ചാരന്മാരുണ്ടെന്ന് ഭയപ്പെട്ടിരുന്നു.
88ൽ കർണാടകയിൽ രാമകൃഷ്ണ ഹെഗ്ഡെ സർക്കാർ താഴെവീണത് ഫോണ് ചോർത്തൽ ആരോപണങ്ങളെ തുടർന്നായിരുന്നു.
2006ൽ ഡൽഹി പോലീസ് തന്റെ ഫോണ് ചോർത്തുന്നുവെന്ന ആരോപണവുമായി സമാജ് വാദി പാർട്ടി നേതാവ് അമർ സിംഗ് രംഗത്തുവന്നിരുന്നു.
ശരദ് പവാർ, ദിഗ് വിജയ് സിംഗ്, നിതീഷ് കുമാർ, പ്രകാശ് കാരാട്ട് തുടങ്ങിയ ഒട്ടേറെ നേതാക്കൾ പല കാലങ്ങളിലായി ഫോണ് ചോർത്തലിൽ കുടുങ്ങിയവരാണ്. ഓരോരുത്തർക്കും അതിനു വലിയ വില കൊടുക്കേണ്ടിയും വന്നു.
എന്താണ് പെഗാസസ്?
പെഗാസസിനെ ഇതിനകം ഒട്ടുമിക്കവരും വായിച്ചറിഞ്ഞിരിക്കും. ഇപ്പോഴത്തെ സംഭവ വികാസങ്ങൾക്കു രണ്ടുവർഷം മുന്പുതന്നെ ഫോണ് ചോർത്തൽ വിവാദവുമായി പെഗാസസ് അവതരിച്ചിരുന്നു.
ഗ്രീക്ക് പുരാണത്തിലെ ചിറകുള്ള കുതിരയാണ് പെഗാസസ്. സ്വതവേ വേഗതയുള്ള ജീവിയാണ് കുതിര. അതിനു ചിറകുകൂടി കിട്ടിയാലത്തെ അവസ്ഥ എന്താവും?
ഏതാണ്ട് സമാനമാണ് ഇപ്പോഴത്തെ സ്ഥിതി. ഇപ്പോളിതാ 20ൽ പരം രാജ്യങ്ങളിലെ അരലക്ഷം പേരുടെ ഫോണുകളിൽനിന്നു വിവരങ്ങൾ ചോർന്നു എന്ന വെടിക്കെട്ട് വാർത്തയാണ് കത്തിപ്പടരുന്നത്.
ഇതുവരെ അറിഞ്ഞതുപോലെ, ഇസ്രയേൽ ആസ്ഥാനമായുള്ള എൻഎസ്ഒ ഗ്രൂപ്പിന്റെ മുഖ്യ സ്പൈവെയറാണ് പെഗാസസ്. ട്രൈഡന്റ് , ക്യു സ്യൂട്ട് തുടങ്ങിയ മറ്റു പേരുകളുമുണ്ട് ഈ സ്പൈവെയറിന്.
ആൻഡ്രോയ്ഡ്, ഐഒഎസ് ഭേദമില്ലാതെ മൊബൈലുകളിലേക്ക് നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തിയെടുത്ത് സ്വയം ഇല്ലാതാകാൻ ശേഷിയുള്ളവനാണ് ഈ പറക്കും കുതിര.
ഏതാണ്ട് എല്ലാവരും ഉപയോഗിക്കുന്ന വാട്ട്സ്ആപ്പിലേക്ക് നടത്തുന്ന വെറുമൊരു മിസ്ഡ് കോളിലൂടെ ഫോണിൽ കയറിക്കൂടാനാവും പെഗാസസിന്.
നാം മുന്പു കണ്ടതുപോലെ ഓഫറുകൾ നൽകി കബളിപ്പിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യിച്ചും പെഗാസസ് പണിതരും.
ഇതൊന്നുമില്ലാതെ സീറോ ക്ലിക്ക് എന്നറിയപ്പെടുന്ന വിധത്തിലും ഫോണുകളിൽ കയറിക്കൂടും, ആരുമറിയാതെ. ഏതാണ്ട് അഞ്ചുവർഷമായി രംഗത്തുള്ള ഇവൻ മുന്പും ഇന്ത്യക്കാരെ ലക്ഷ്യമിട്ടിട്ടുണ്ടത്രേ.
ഫോണിലെ പാസ്വേഡുകൾ, കോണ്ടാക്ട് നന്പറുകൾ, മെസേജുകൾ, കലണ്ടർ വിശദാംശങ്ങൾ, വോയ്സ് കോളുകൾ തുടങ്ങി ഒട്ടുമിക്ക വിവരങ്ങളും പെഗാസസ് ചോർത്തും.
ഫോണിലെ കാമറയും മൈക്കും പ്രവർത്തിപ്പിച്ച് ആവശ്യമായ വിവരങ്ങൾ എടുക്കും. ജിപ്എസ് ഉപയോഗിച്ച് ലൈവ് ലൊക്കേഷൻ ട്രാക്ക് ചെയ്യും.
ഇവയെല്ലാം ഒരു പ്രത്യേക സെർവറിലേക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുക.
ഈ സോഫ്റ്റ് വെയർ ഗവണ്മെന്റുകൾക്കു മാത്രമാണ് നൽകുന്നതെന്ന് കന്പനി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസുരക്ഷയുടെ ഭാഗമായി ഉപയോഗിക്കാമെന്നിരിക്കേ ഗവണ്മെന്റുകൾ അധികാരത്തിന്റെ സുരക്ഷയ്ക്കായി ഇതുപയോഗിക്കുന്നതാണ് സ്വകാര്യതയിലേക്കും, അതുവഴിതന്നെ രാജ്യത്തിന്റെ സുരക്ഷയിലേക്കുമുള്ള കടന്നുകയറ്റമാകുന്നത്. ആരുടെയൊക്കെ ഫോണ് നിരീക്ഷിച്ചു എന്നതിൽനിന്ന് ഗവണ്മെന്റുകളുടെ താത്പര്യം വ്യക്തമാകുമല്ലോ.
ഛത്തീസ്ഗഡ് പാഠം
പെഗാസസ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച ഛത്തീസ്ഗഡിൽനിന്നുള്ള പാഠം സുപ്രധാനമാണ്. 2019ൽ മറ്റു പലയിടത്തുമെന്നപോലെ സംസ്ഥാനത്തെ വിവിധ ദളിത് അവകാശ പ്രവർത്തകരുടെയും അഭിഭാഷകരുടെയും ഫോണുകളിൽ പെഗാസസിന്റെ സാന്നിധ്യം ഉണ്ടെന്ന് വാട്ട്സ്ആപ്പ് വിവരം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നംഗ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പറഞ്ഞു.
കൗതുകം അവിടെയല്ല. കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്ത് പെഗാസസ് നിർമാതാക്കളായ എൻഎസ്ഒ കന്പനി ഛത്തീസ്ഗഡ് സന്ദർശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു!
ഇസ്രായേൽ കന്പനിക്കെന്താണ് ഈ വീട്ടിൽ കാര്യം!
ഫോണ് ചോർത്തൽ വിഷയത്തിൽ അന്വേഷണത്തിനായി പശ്ചിമബംഗാൾ സർക്കാരും കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കേ, പെഗാസസ് ലോകത്തെ കൂടുതൽ സുരക്ഷിതമാക്കുന്നു എന്നാണ് നിർമാതാക്കളുടെ അവകാശവാദം. എന്താണ് അവർ പറയുന്നതെന്ന് നാളെ വായിക്കാം.., ഒപ്പം 2019ലെ ചരിത്രവും.