ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്ട് വേർ ഉപയോഗിച്ചു പ്രമുഖരുടെ ഫോണുകളിൽനിന്നു വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ പാർലമെന്റ് ഇന്നും സ്തംഭിക്കും.
രാഹുൽ ഗാന്ധിയുടെയും മോദി മന്ത്രിസഭയിലെ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഉൾപ്പെടെ രണ്ടു മന്ത്രിമാരുടെയും വിവരങ്ങൾ ചോർത്തിയിരുന്നു.
ഇതിനു പുറമെ ഫോൺ ചോർത്തപ്പെട്ട കൂടുതൽ പ്രമുഖരുടെ പേരു വിവരങ്ങൾകൂടി ഇനിയുള്ള ദിവസങ്ങളിൽ പുറത്തുവരും. ഇതിൽ പ്രമുഖ ബിജെപി, ആർഎസ്എസ് നേതാക്കളും ഉണ്ട് എന്നുള്ളതാണ് ഏറെ വിവാദത്തിന് വഴി ഒരുക്കുന്നത്.
പ്രതികരിക്കാതെ അമിത്ഷാ
ഫോൺ ചോർത്തലിനോട് അതിരൂക്ഷമായി പ്രതികരിക്കാത്ത അമിത് ഷാ ഉൾപ്പടെ ഉള്ളവരുടെ നീക്കത്തിനെതിരെയും പ്രതിഷേധം ശക്തമാകും.
വിഷയത്തിൽ സർക്കാരിനെതിരെ ഉള്ള നീക്കങ്ങൾ ശക്തമാക്കാൻ ഇന്നു പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരുന്നുണ്ട്.
പെഗാസസ് പോലെയുള്ള ചാര സോഫ്റ്റ് വെയറുകൾ സർക്കാരുകൾക്കു മാത്രമേ വിൽകൂ എന്ന് ഇതിന്റെ നിർമാതാക്കൾ ആയ എൻസ്ഒ വ്യക്തമാക്കിയിട്ടുണ്ട്.
ആ നിലയ്ക്ക് ഉത്തരവാദിത്തത്തിൽനിന്നു കേന്ദ്ര സർക്കാരിനു പൂർണമായി ഒഴിഞ്ഞു മാറാനാകില്ല. ബിജെപി നേതാക്കളുടെ ഫോണുകൾകൂടി ചോർത്തി എന്നതു പാർട്ടിക്കുള്ളിലും വലിയ ആഭ്യന്തര കലഹം ഉണ്ടാക്കും.
പ്രസ് ക്ലബും പ്രതിഷേധത്തിൽ
മാധ്യമ പ്രവർത്തകരുടെ ഫോൺ ചോർത്തിയതിൽ ശക്തമായ പ്രതിഷേധവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ അടക്കം രംഗത്തു എത്തിയിട്ടുണ്ട്.
ചോര്‍ത്തലും നിരീക്ഷണവും സംബന്ധിച്ച പുതിയ വിവരങ്ങള്‍ തള്ളിക്കളഞ്ഞ പെഗാസസിന്റെ നിര്‍മാതാക്കളായ എന്‍എസ്ഒ മാനനഷ്ടക്കേസ് നല്‍കും എന്നാണ് പറഞ്ഞിരിക്കുന്നത്.
എന്നാല്‍, വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു എന്നു വ്യക്തമായ ഫോണുകളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനകളില്‍ പെഗാസസിന്റെ സാന്നിധ്യവും ചാരപ്രവര്‍ത്തനവും വ്യക്തമായി തെളിഞ്ഞിട്ടുണ്ട്.
വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നു പ്രതിപക്ഷം അതിരൂക്ഷ പ്രതിഷേധം ഉയർത്തും.
ഇസ്രയേൽ ചാര സോഫ്റ്റ്വെയർ ആയ പെഗാസസ് ഉപയോഗിച്ചു കേന്ദ്ര പ്രതിപക്ഷ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ജഡ്ജിമാരുടെയും ഫോൺ നമ്പർ ചോർത്തൽ സംഭവം സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എംപി ലോക സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി.
ഫോൺ ചോർത്തൽ സംഭവം ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയോടുള്ള കനത്ത വെല്ലുവിളിയാണെന്നും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ഉണ്ടാകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.