ലണ്ടൻ: ഉപയോക്താക്കൾ നടത്തുന്ന ചാരപ്രവർത്തനത്തിന് തങ്ങളെ കുറ്റപ്പെടുത്തരുതെന്നു പെഗാസസ് സോഫ്റ്റ്വേറിന്റെ നിർമാതാക്കളായ ഇസ്രേലി കന്പനി എൻഎസ്ഒ.
മദ്യപൻ ഓടിക്കുന്ന കാർ അപകടത്തിൽപ്പെടുന്പോൾ കാർ നിർമാതാക്കളെ കുറ്റം പറയുന്നതു പോലെയാണിതെന്നു കന്പനി വക്താവ് പ്രതികരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. സോഫ്റ്റ്വേർ ദുരുപയോഗിച്ചവരെയാണു കുറ്റപ്പെടുത്തേണ്ടത്.
മനുഷ്യാവകാശപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ ചോർത്താൻ വിവിധ സർക്കാരുകൾ പെഗാസസ് സോഫ്റ്റ്വേർ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ കന്പനി വിമർശനശരങ്ങൾക്കു നടുവിലാണ്.
ചോർത്തലിനു വിധേയമാക്കപ്പെട്ടു എന്നു കരുതുന്ന 50,000 ഫോൺ നന്പറുകൾ അടങ്ങിയ പട്ടികയാണ് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നന്പറും ഇതിൽ ഉൾപ്പെടുന്നു.
തീവ്രവാദികളെയും കുറ്റവാളികളെയും പിടിക്കാനാണ് ഈ സോഫ്റ്റ്വേർ ഉപയോഗിക്കുന്നതെന്നാണ് എൻഎസ്ഒ കന്പനിയുടെ അവകാശവാദം. സൈപ്രസിലുള്ള എൻഎസ്ഒ സെർവർ ഹാക്ക് ചെയ്താണു ഫോൺ നന്പർ പട്ടിക ചോർത്തിയത്.
എന്നാൽ, തങ്ങൾക്കു സൈപ്രസിൽ സെർവറില്ലെന്നു കന്പനി വക്താവ് പറഞ്ഞു. അന്പതിനായിരം നന്പറുകൾ അടങ്ങിയ പട്ടികയെന്നതും അവിശ്വസനീയമാണ്.
കന്പനിയുടെ മുഴുവൻ കാലത്തെ പ്രവർത്തനം കണക്കിലെടുത്താലും അന്പതിനായിരം പേരുടെ ഫോൺ ചോർത്തിയിട്ടില്ലത്രേ.
ഇതിനിടെ, തന്റെ ഫോൺ ചോർത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മാക്രോൺ അടിയന്തരമായി കാബിനറ്റ് വിളിച്ചുചേർത്തു.
പെഗാസസ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ കയറ്റുമതി നയം പരിഷ്കരിക്കാൻ ഇസ്രയേൽ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.
മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും നിരീക്ഷിക്കാൻ പെഗാസസ് സോഫ്ട്വെയർ ഉപയോഗിച്ചുവെന്ന ആരോപണം സൗദി അറേബ്യ നിഷേധിച്ചു.
ചാര സോഫ്ട്വെയറുകളുടെ കൈമാറ്റം നിയന്ത്രിക്കാൻ ആന്താരാഷ്ട്രതലത്തിൽ നിയന്ത്രണം കർശനമാക്കണമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ ആവശ്യപ്പെട്ടു.