ന്യൂഡൽഹി: ഫോൺ ചോർത്തുന്നതിനുള്ള ഇസ്രയേൽ നിർമിത സോഫ്റ്റ്വേറായ പെഗാസസിന്റെ ചാരക്കണ്ണ് പതിഞ്ഞവരിൽ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പുതിയ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവും ജൽശക്തി മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലും.
തെരഞ്ഞെടുപ്പു വിദഗ്ധൻ പ്രശാന്ത് കിഷോറിന്റെ ഫോണിലും പെഗാസസ് എത്തി. എന്നാൽ, തകർക്കാനും തടസപ്പെടുത്താനും ഗൂഢാലോചന നടത്തുന്നവർക്ക് ഇന്ത്യയുടെ വികസനം പാളംതെറ്റിച്ചു വിടാനാവില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതികരിച്ചു.
രാഹുൽ ഗാന്ധി ഉപയോഗിച്ചിരുന്ന രണ്ടു ഫോണ് നന്പറുകളും നിരീക്ഷിച്ചവയുടെ പട്ടികയിലുണ്ട്.
അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലെ അഞ്ചു സുഹൃത്തുക്കളും അടുത്ത അനുയായി അലങ്കാർ സവായി, കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം സച്ചിൻ റാവു എന്നിവരുടെ ഫോണുകളും നിരീക്ഷണത്തിലായിരുന്നു.
പെഗാസസ് നിരീക്ഷണത്തെക്കുറിച്ച്, അങ്ങനെയൊരു സംഭവമേ ഇല്ലെന്നു കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു. ഇതിനു പിന്നാലെയാണ് അദ്ദേഹവും ഭാര്യയും നിരീക്ഷിക്കപ്പെട്ടിരുന്നു എന്ന വിവരം പുറത്തു വന്നത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയിരുന്ന സഞ്ജയ് കാച്ച്രൂവിന്റെ നന്പറും നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2018നും 2019നും ഇടയിലാണ് ഇവരും നിരീക്ഷണത്തിൽ പെട്ടത് എന്നാണു വിവരം.
മോദി സർക്കാർ കിടപ്പറ സംഭാഷണങ്ങൾ വരെ ചോർത്തിയെടുക്കുകയാണെന്ന് കോണ്ഗ്രസ് ആക്ഷേപിച്ചു. ബിജെപി എന്നാൽ ഭാരതീയ ജാസൂസ് (ചാരവൃത്തി) പാർട്ടി ആണെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി.
“”നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാൾ വായിച്ചുകൊണ്ടിരിക്കുകയാണ്”എന്ന് രാഹുൽ ഗാന്ധി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് രാഹുലിന്റെ ഫോണും നിരീക്ഷിച്ചിരുന്നു എന്ന വിവരം പുറത്തു വന്നത്.
പെഗാസസ് പോലെയുള്ള സോഫ്റ്റ്വേറുകൾ സർക്കാർ ഏജൻസികൾക്കു മാത്രമേ നൽകാറുള്ളൂ എന്നാണ് നിർമാതാക്കളായ എൻഎസ്ഒ 2019ൽ തന്നെ വിശദീകരിച്ചിട്ടുള്ളത്.
ആയിരത്തിലധികം ഇന്ത്യൻ ഫോണ് നന്പറുകൾ നിരീക്ഷണത്തിലായിരുന്നു എന്നാണു പുറത്തുവരുന്ന വിവരം. ഇതിൽ 40 മാധ്യമ പ്രവർത്തകരും ഉൾപ്പെടുന്നു.
മോദി സർക്കാരിനോട് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന മുൻ തെരഞ്ഞെടുപ്പു കമ്മീഷണർ അശോക് ലവാസയും മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ ജീവനക്കാരും നിരീക്ഷണത്തിലായിരുന്നു.
വിശ്വഹിന്ദു പരിഷത് മുൻ അധ്യക്ഷൻ പ്രവീണ് തൊഗാഡിയ, പ്രമുഖ ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസ ബൊളെ തുടങ്ങിയവരുടെ ഫോണുകൾ പോലും നിരീക്ഷണത്തിലായിരുന്നു.
പ്രമുഖ ശാസ്ത്രജ്ഞൻ ഗഗൻദീപ് കാംഗ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ് ഫൗണ്ടേഷൻ ഇന്ത്യ ഹെഡ് ഹരി മേനോൻ, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് ഹെഡ് ജഗ്ദീപ് ചോഖർ, വസുന്ധര രാജെ സിന്ധ്യയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന പ്രദീവ് അവസ്തി എന്നിവരെയും നിരീക്ഷിച്ചിരുന്നു.
വലയെറിയുന്നത് ആരുമറിയാതെ…
ഉപയോക്താവിന്റെ ഫോണിലേക്കു വീഡിയോ കോൾ വഴിയാണു പെഗാസസ് എന്ന ചാര സോഫ്റ്റ്വേർ നുഴഞ്ഞു കയറുന്നത്.
ഫോണ് റിംഗ് ചെയ്യുന്പോൾ തന്നെ ഹാക്കർ ചാര സോഫ്റ്റ്വേർ കോഡ് ഫോണിലേക്ക് കടത്തിവിട്ട് ഇൻസ്റ്റാൾ ചെയ്യുന്നു. കോൾ അറ്റൻഡ് ചെയ്തില്ലെങ്കിൽക്കൂടി ഈ സോഫ്റ്റ്വേർ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.
ഫോണിൽ കടന്നുകൂടുന്ന പെഗാസസ് ഉപയോക്താവിന്റെ വാട്സ് ആപ് സന്ദേശങ്ങൾ, ഫോണ് സംഭാഷണങ്ങൾ, പാസ്വേർഡുകൾ, കോൺടാക്ട് ലിസ്റ്റ്, ഫോണിന്റെ മൈക്രോ ഫോണ്, കാമറ, കലണ്ടർ ഇവന്റ്സ് എന്നിവയടക്കം ചോർത്തിയെടുക്കുന്നു. ഇതുകൂടാതെ ടെലിഗ്രാം, സ്കൈപ്പ്, വീ ചാറ്റ്, ഐ മെസേജ്, ഫേസ്ബുക്ക് മെസഞ്ചർ എന്നിവയിൽനിന്നും വിവരങ്ങൾ ഊറ്റും.
ചോർത്തൽ അറിഞ്ഞത് ഈ വഴി
ഫ്രാൻസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോർബിഡൻ സ്റ്റോറീസും ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബും ആണ് പെഗാസസ് ഉപയോഗിച്ചു വിവിധ രാജ്യങ്ങളിൽ വിവരങ്ങൾ ചോരുന്നവരുടെ പട്ടിക പുറത്തുവിട്ടത്.
ഇന്ത്യയിൽ ഓണ്ലൈൻ മാധ്യമമായ ദി വയർ ആണ് ഇവരുമായി ചേർന്ന് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയത്. ഇതിനിടെ, പെഗാസസിന്റെ ചാരഉപകരണങ്ങൾ വിവിധ രാജ്യങ്ങളിലായി 37 എണ്ണം ഉള്ളതിൽ പത്തെണ്ണവും ഇന്ത്യയിലാണെന്ന് ആംനസ്റ്റി സെക്യൂരിറ്റി ലാബ് വെളിപ്പെടുത്തി.
സെബി മാത്യു