ബോസ്റ്റൺ: പെഗാസസ് സോഫ്റ്റ്വേർ ഉപയോഗിച്ച് മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരുമുൾപ്പെടെ ആയിരക്കണക്കിനു പേരുടെ ഫോൺചോർത്തിയതായി ബ്രിട്ടനിലെ ഗാർഡിയൻ ഉൾപ്പെടെ 17 മാധ്യമസ്ഥാപനങ്ങളുടെ അന്വേഷണതത്തിൽ വ്യക്തമായി.
ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പ് നിർമിച്ച കുപ്രസിദ്ധമായ സോഫ്റ്റ്വേർ മാധ്യമപ്രവർത്തകരെ നിശബ്ദരാക്കാൻ ആഗോളതലത്തിൽ ഉപയോഗിക്കുന്ന പുതിയ ആയുധമാണെന്നാണ് പാരീസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ഫോർബിഡൻ സ്റ്റോറീസ് വിശദീകരിക്കുന്നത്.
ലോകമെന്പാടുമായി കുറഞ്ഞത് 180 മാധ്യമപ്രവർത്തകരുടെ ഫോൺസന്ദേശങ്ങളെങ്കിലും ചോർത്തിയെന്നും അവർ കണ്ടെത്തി.
മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലും സമാനനിലപാടിലാണ്. ഈസ്താംബൂളിലെ സൗദി കോൺസുലേറ്റിൽവച്ച് 2018 ൽ വധിക്കപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ഭാവിവധു ഹാറ്റിസ് സെഞ്ചിസിന്റെ ഫോണിൽ പെഗാസസ് വിജയകരമായി ഘടിപ്പിച്ചിരുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു.
ഖഷോഗിയുടെ രഹസ്യവിവരങ്ങൾ ചോർത്തുന്നതിൽ എൻഎസ്ഒയ്ക്കു പങ്കുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ആരോപണം എൻഎസ്ഒ നിഷേധിക്കുകയാ ണ്.
അന്പത് രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലേറെ വ്യക്തികളുടെ ഫോണുകളിൽ പെഗാസസ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
189 മാധ്യമപ്രവർത്തകരും രാഷ്ട്രയനേതാക്കളും ഉന്നതോദ്യോഗസ്ഥരും ഉൾപ്പെടെ 600 ഓളംപേരും ഇതിൽ ഉൾപ്പെടുന്നു.
ഇതിനുപുറമേ 65 വ്യവസായ പ്രമുഖരുടെയും 85 മനുഷ്യാവകാശപ്രവർത്തകരുടെയും ഒട്ടേറെ ഭരണാധികാരികളുടെയും ഫോണുകളും പെഗാസസ് ഉപയോഗിച്ച് ചോർത്തി.
അസോസിയേറ്റഡ് പ്രസ്, റോയിട്ടേഴ്സ്, സിഎൻഎൻ, ദ് വാൾ സ്ട്രീറ്റ് ജേർണൽ, ദ് ഫിനാൻഷൽ ടൈംസ് തുടങ്ങിയവയിലെ മാധ്യമപ്രവർത്തരുടെ ഫോണുകളാണ് ചോർത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
2018 ൽ സിറ്റിസണ് ലാബ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യ ഉൾപ്പെടെ 45 രാജ്യങ്ങളിൽ പെഗാസസ് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ്.