ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റ്വേർ പെഗാസസിന്റെ നിർമാതാക്കളായ എൻഎസ്ഒ പ്രതിനിധികൾ ഇന്ത്യയിൽ രഹസ്യ സന്ദർശനം നടത്തിയെന്ന വെളിപ്പെടുത്തലുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ഭഗേൽ.
ഛത്തീസ്ഗഡിൽ ബിജെപി അധികാരത്തിലിരുന്നപ്പോഴാണ് സംഘം എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, ഫോണ്‍ ചോർത്തൽ വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ സുപ്രീംകോടതിയെ സമീപിച്ചു.
ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷറി എന്നിവയ്ക്കുനേരേയുള്ള ആക്രമണമാണു ഫോണ്‍ ചോർത്തൽ. ഇതു ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
രാജ്യത്തെ 40 മാധ്യമ പ്രവർത്തകർ അടക്കമുള്ളവരുടെ ഫോണുകൾ നിരീക്ഷിച്ചു വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
പെഗാസസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ എല്ലാം തന്നെ സത്യമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്നലെ ഔദ്യോഗികമായിത്തന്നെ വ്യക്തമാക്കി.
പെഗാസസ് റിപ്പോർട്ടുകളെ വീണ്ടും തള്ളിപ്പറഞ്ഞു കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ രാജ്യസഭയിലും പ്രസ്താവന നടത്തി.
അതിനിടെ, മന്ത്രിയുടെ കൈയിൽനിന്നുപ്രസ്താവന പേപ്പർ തട്ടിയെടുത്തു തൃണമൂൽ കോണ്‍ഗ്രസ് എംപി ശാന്തനു സെൻ രാജ്യസഭ ഉപാധ്യക്ഷന്റെ ചേംബറിനുനേരേ ചുരുട്ടിയെറിഞ്ഞു.
വിഷയം ഉന്നയിച്ച് പ്രതിപക്ഷം ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. ഫോണ്‍ ചോർത്തൽ സംബന്ധിച്ച് ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകൾ വന്നു കൊണ്ടിരിക്കുന്പോഴും സർക്കാർ ഇക്കാര്യം ആവർത്തിച്ചു നിഷേധിക്കുകയാണ്.
അതിനിടെയാണ്, ഛത്തീസ്ഗഡിൽ ബിജെപി ഭരിച്ചിരുന്ന സമയത്ത് എൻഎസ്ഒ പ്രതിനിധികൾ അന്നു മുഖ്യമന്ത്രിയായിരുന്ന രമണ്‍ സിംഗിന്റെ ഓഫീസ് സന്ദർശിക്കുകയും മറ്റു സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു എന്നു ഭുപേഷ് ഭഗേൽ പറഞ്ഞത്.
എൻഎസ്ഒ പ്രതിനിധികളുടെ സന്ദർശനം ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിക്കാൻ സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്്.
സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി സർക്കാരുമായി എൻഎസ്ഒ ഉണ്ടാക്കിയ ഡീൽ എന്തായിരുന്നു, സർക്കാർ തലത്തിൽ ആരൊക്കെ ഇവരുമായി കൂടിക്കാഴ്ച നടത്തി തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടത്തും.
ഇക്കാര്യങ്ങളിൽ മുൻ മുഖ്യമന്ത്രി രമണ്‍ സിംഗ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ തയാറാകണമെന്നും ഭുപേഷ് ഭഗേൽ ആവശ്യപ്പെട്ടു.
വർഷങ്ങൾക്കുശേഷം ഭൂപേഷ് സിംഗ് ഭഗേൽ പെഗാസസിനെക്കുറിച്ച് സ്വപ്നം കണ്ടതാണെന്നാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ രമണ്‍ സിംഗ് പ്രതികരിച്ചത്.
സെബി മാത്യു