ന്യൂഡൽഹി: ഫോണ്‍ ചോർത്തൽ വിഷയം പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോർത്തിയെന്ന ആരോപണത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എൻ.കെ. പ്രേമചന്ദ്രൻ എംപിയാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്
. ഫോൺ ചോർത്തൽ സംഭവം ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയോടുള്ള കനത്ത വെല്ലുവിളിയാണെന്നും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ഉണ്ടാകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. സർക്കാരുകൾക്കു മാത്രം കൈമാറുന്ന പെഗാസസ് ഉപയോഗിച്ചു ചോർത്തൽ നടത്തിയെന്ന ആക്ഷേപം പുറത്തുവന്നതോടെ കേന്ദ്രസർക്കാരും പ്രതിക്കൂട്ടിലായിരിക്കുകയാണ്.
അതേസമയം, രാജ്യത്തെ ഇളക്കിമറിക്കുന്ന മറ്റു വിവാദങ്ങളിൽനിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടാനാണോ പാർലമെന്റ് കൂടുന്നതിനു തൊട്ടുമുന്‍പ് ഇങ്ങനെയൊരു വിവാദം കത്തിപ്പിടിച്ചതെന്ന സംശയവും പലരും ഉയർത്തുന്നുണ്ട്.ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യസഭയിൽ ബിനോയ് വിശ്വം എംപിയും നോട്ടീസ് നൽകി. ആരോപണത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി വിശദീകരണം നൽകണമെന്ന് ഭരണപക്ഷ അംഗമായ സുബ്രഹ്മണ്യൻ സ്വാമിയും ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യുന്നതാണ് യുക്തിസഹമെന്നും, അല്ലെങ്കിൽ യാഥാർഥ്യം പുറത്തുവരുന്പോൾ അത് ബിജെപിയെ വ്രണപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക പ്രശ്നങ്ങളും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. ഇന്ധനവിലക്കയറ്റം കൂടി കത്തിനിൽക്കേ പാർലമെന്റിൽ സർക്കാരിന്റെ നില കൂടുതൽ പ്രതിരോധത്തിലാകും. ലക്ഷദ്വീപ് വിഷയവും പ്രതിപക്ഷം ശക്തമായി ഉന്നയിക്കും.
മൂന്നു കേന്ദ്രമന്തിമാർ, പ്രതിപക്ഷത്തെ മൂന്നു പ്രമുഖ നേതാക്കൾ, ജഡ്ജിമാർ, സുരക്ഷാ ഏജൻസികളുടെ ഇപ്പോഴത്തെയും വിരമിച്ചവരുമായ നേതാക്കൾ, നാല്പതു മാധ്യമപ്രവർത്തകർ, ബിസിനസുകാർ തുടങ്ങി രാജ്യത്തെ മുന്നൂറോളം പേരുടെ ഫോണുകൾ നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തതായാണ് പുറത്തുവന്ന വിവരം.
ഇസ്രേലി ചാര സോഫ്റ്റ് വെയർ പെഗാസസ് ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ്, ദ ഗാർഡിയൻ പത്രങ്ങളും രാജ്യത്തെ ഇവരുടെ പങ്കാളിയായ ദ വയർ എന്ന വെബ് മാധ്യമവുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രതിരോധിക്കാൻ കേന്ദ്രം
ഫോണ്‍ ചോർത്തൽ വിഷയത്തിൽ ശക്തമായ പ്രതിരോധം തീർക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. അനധികൃതമായ യാതൊന്നും നടന്നിട്ടില്ലെന്ന നിലപാടിൽ ഉറച്ച് പ്രതിപക്ഷത്തെ നേരിടാനാണ് കേന്ദ്രത്തിന്റെ ശ്രമം. സർക്കാരിന് ഭയമില്ലെന്നും മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയങ്ങൾ വ്യക്തമാക്കി.
എന്താണ് പെഗാസസ്?
ഇസ്രേലി കന്പനിയായ എൻഎസ്ഒ വികസിപ്പിച്ച ചാര പ്രോഗ്രാമാണ് പെഗാസസ്. അതീവ രഹസ്യമായി സ്മാർട്ട് ഫോണുകളിൽ നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തി സ്വയം ഇല്ലാതാകുന്നതാണ് ഇതിന്റെ രീതി. 2019ൽ വിവാദം സൃഷ്ടിച്ചിരുന്നു. വാട്ട്സ്ആപ്പിലാണ് അന്ന് ഇതു ചാരപ്പണി നടത്തിയത്.
ഫോണിൽ കടന്നാൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നിയന്ത്രണം കൈക്കലാക്കുന്ന പെഗാസസ് ഫോണ്‍കോളുകൾ, മെസേജുകൾ, ഫോട്ടോ ഗാലറി, കാമറ, മൈക്രോഫോണ്‍, ഇമെയിൽ, കലണ്ടർ, സെറ്റിംഗ്സ്, ബ്രൗസ് ഹിസ്റ്ററി, കോണ്ടാക്ട്സ്, നെറ്റ് വർക്ക് വിവരങ്ങൾ തുടങ്ങിയവയെല്ലാം കൈക്കലാക്കും.
ഉപയോക്താവ് അറിയാതെ കാമറ ഓണ്‍ചെയ്ത് ഇന്റർനെറ്റ് വഴി കൈമാറും. ഫോണിൽ ടൈപ്പ് ചെയ്യുന്ന വിവരങ്ങൾ അപ്പപ്പോൾ ചോർത്തും. ഐഫോണുകളിലും ആൻഡ്രോയ്ഡ് ഫോണുകളിലും ഇതു പ്രവർത്തിക്കുകയും ചെയ്യും