ന്യൂഡൽഹി: പെഗാസസിന്റെ ചാരക്കണ്ണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലും പതിഞ്ഞിരുന്നതായി വെളിപ്പെടുത്തൽ.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെയും നീതി ആയോഗിലെ മറ്റൊരു ഉദ്യോഗസ്ഥനെയും പെഗാസസ് ഉപയോഗിച്ചു നിരീക്ഷിച്ചിരുന്നുവത്രേ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ഫോണ്‍ 2017ലാണ് ചോർത്തിയത്.
വിവരങ്ങൾ ചോർന്നു എന്നു പറയുന്ന ഫോണ്‍ നന്പറുകൾ ഉൾപ്പെട്ട പട്ടിക യഥാർഥമാണെന്നോ അതിൽ തന്റെ നന്പറും ഉൾപ്പെട്ടിട്ടുണ്ടെന്നോ അറിയില്ലെന്നായിരുന്നു ഈ ഉദ്യോഗസ്ഥന്റെ പ്രതികരണം.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഓഫീസിലെ മുൻ ചീഫ് കണ്‍സൾട്ടന്റ് ആയിരുന്ന വി.കെ. ജയിന്റെ ഫോണും ചോർത്തിയിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന രാജേശ്വർ സിംഗിന്റെ രണ്ട് ഫോണ്‍ നന്പറുകളിൽ നിന്നുള്ള കോളുകൾ ചോർത്തി.
അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്ന് സ്ത്രീകളുടെയും ഫോണ്‍ നന്പർ വിവരങ്ങൾ ചോർന്നവരുടെ പുതിയ പട്ടികയിലുണ്ട്.
ഇതിൽ ഒരാൾ അദ്ദേഹത്തിന്റെ സഹോദരിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥയും ഡൽഹി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയുമായ അബ സിംഗ് ആണ്.
പെഗാസസ് വിഷയത്തിൽ കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റേത് ഉൾപ്പെടെയുള്ള ഫോണുകൾ ചോർത്തിയെന്ന വിവരം പുറത്തുവരുന്നത്.
സെബി മാത്യു